തോക്കുകൾ നിരോധിക്കണം: ആയുധങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയർത്തണമെന്ന് ബൈഡൻ


വാഷിംഗ്ടൺ : അമേരിക്കയിൽ തുടർച്ചയായി നടക്കുന്ന കൂട്ടക്കൊലയിൽ ആശങ്ക അറിയിച്ച് പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്ത് ആയുധങ്ങൾ നിരോധിക്കണമെന്ന് ബൈഡൻ പറഞ്ഞു. പരിശോധനകൾ ശക്തമാക്കണമെന്നും ആയുധങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്നും 21 ആക്കി മാറ്റണമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. കുട്ടികളേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും ബൈഡൻ വ്യക്തമാക്കി. 

രാജ്യത്തെ സുരക്ഷാ നിയമങ്ങൾ കർശനമാക്കണമെന്നും ബൈഡൻ പറഞ്ഞു. തോക്ക് നിർമ്മാതാക്കളെ നിയന്ത്രിക്കണം. ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് രാജ്യത്ത് നിരോധിക്കണം. ഉയർന്ന ശേഷിയുടെ ആയുധങ്ങളും നിരോധിക്കണമെന്ന് വൈറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെ ബൈഡൻ പറഞ്ഞു. ജനങ്ങളെ തോക്ക് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കുകയല്ല, മറിച്ച് നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും ബൈഡൻ വ്യക്തമാക്കി. 

രാജ്യത്ത് അടുത്തിടെ നടന്ന മൂന്ന് വലിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രതികരണം. ബുധനാഴ്ച ഒക്ലഹോമയിലെ മെഡിക്കൽ സ്ഥാപനത്തിനുള്ളിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ടെക്സാസിലെ സ്‌കൂളിൽ 18 കാരൻ നടത്തിയ വെടിവെപ്പിൽ 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും കൊലപ്പെട്ടിരുന്നു. അതിന് മുൻപും സമാനമായ വെടിവെപ്പുകൾ രാജ്യത്തുണ്ടായിരുന്നു. 

ആക്രമണങ്ങൾ തുടർക്കഥയായതോടെയാണ് ആയുധങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ ബൈഡൻ തീരുമാനിച്ചത്. യുഎസിലെ എല്ലാ കുടുംബങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവരുന്നത് ആലോചിക്കുന്നത്. ഇത്തരം ആക്രമങ്ങൾ മനസാക്ഷിക്ക് നിരക്കാത്തതായാണ് താൻ കാണുന്നതെന്നും അതിനി അനുവദിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Previous Post Next Post