ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന പാകിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് 200 രൂപ കടന്നു. പെട്രോൾ ലിറ്ററിന് 233.89 രൂപയ്ക്കും ഡീസൽ 263.31 രൂപയ്ക്കുമാണ് വിതരണം ചെയ്യുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ സബ്‌സിഡി വഹിക്കാൻ സർക്കാരിന് കഴിയില്ലെന്ന് പാകിസ്ഥാൻ ഫെഡറൽ ധനമന്ത്രി മിഫ്താ ഇസ്മായിൽ ബുധനാഴ്ച പറഞ്ഞു. ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യം പാകിസ്ഥാനിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മണ്ണെണ്ണ 211.43 രൂപയ്ക്കും ലൈറ്റ് ഡീസൽ എണ്ണയുടെ വില 207.47 രൂപയ്ക്കും വിൽക്കുമെന്ന് മന്ത്രി പറഞ്ഞു. ജൂൺ 16 മുതലാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർന്നത്. ഒറ്റ ദിവസത്തിനിടെ പെട്രോൾ വിലയിൽ 24 രൂപയുടെ വർധനയാണ് ഉണ്ടായത്. ഡീസൽ വിലയിൽ 16.31 രൂപയുടെ വർധനയും രേഖപ്പെടുത്തി. മണ്ണെണ്ണ വില ലിറ്ററിന് 29.49 രൂപ വർധിച്ചു. ലൈറ്റ് ഡീസലിന് 29.16 രൂപ കൂടി. ജൂൺ പതിനഞ്ച് അർധരാത്രി മുതൽ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിലായെന്ന് ധനമന്ത്രി മിഫ്താ ഇസ്മായിൽ വ്യക്തമാക്കി. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 84 രൂപയാണ് പെട്രോളിന് വില വർധിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടപ്പാക്കിയ തെറ്റായ സാമ്പത്തിക തീരുമാനങ്ങളാണ് ഇന്ധനവില വർധിക്കാൻ കാരണമായതെന്ന് ധനമന്ത്രി പറഞ്ഞു. ഇമ്രാൻ ഖാൻ സബ്‌സിഡി നൽകി പെട്രോൾ വില ബോധപൂർവം കുറച്ചതോടെ സാമ്പത്തിക നില തകരാറിലായി. അദ്ദേഹത്തിൻ്റെ തീരുമാനങ്ങളുടെ ഭാരം നിലവിലെ സർക്കാർ വഹിക്കുകയാണ്. പണപ്പെരുപ്പം വർധിച്ചതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മോശമായ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യാന്തര തലത്തിൽ പെ ട്രോൾ വില ലിറ്ററിന് 120 യുഎസ് ഡോളറാണ്. പെ ട്രോൾ സബ്സിഡിയായി 120 ബില്യൺ രൂപയാണ് പാക് സർക്കാർ ചെലവിടുന്നത്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ ചായ കുടി കുറയ്ക്കണമെന്ന് പാക് ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാൽ കഴിഞ്ഞ ദിവസം നിർദേശിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.