തിരുവനന്തപുരം: ഈ വർഷം മാർച്ചിൽ നടത്തിയ എസ്എസ്എല്‍സി പരീക്ഷഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.47 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും 44,363 പേർക്ക് എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 1,21,318 ആയിരുന്നു. എസ്എസ്എൽസി റെഗുലർ സ്ട്രീമിൽ പരീക്ഷ എഴുതിയ 4,23,303 വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലും. വൈകിട്ട് നാലു മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. ഇത്തവണ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകുമ്പോൾ തന്നെ ഫലം ലഭ്യമാകുന്ന ഓട്ടോ സ്കെയിലിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.