'ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ റെക്കോര്‍ഡ്'; നരേന്ദ്ര നാഥ് ദുബെ അന്തരിച്ചു




 
ലക്‌നൗ: 1984 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച നരേന്ദ്ര നാഥ് ദുബെ അന്തരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹം മരിക്കുമ്പോള്‍ 70കളുടെ തുടക്കമാണ് പ്രായം. അനുയായികള്‍ ഇദ്ദേഹത്തെ അഡിഗ് എന്നാണ് വിളിച്ചിരുന്നത്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ച് ശ്രദ്ധ നേടിയ അദ്ദേഹം വൈസ് പ്രസിഡന്റ് പദവിയിലേക്കും മത്സരിച്ചിട്ടുണ്ട്. തപാല്‍പ്പെട്ടി ചിഹ്നത്തിലാണ് അന്ന് മത്സരിച്ചത്.

1984 മുതല്‍ നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുവെങ്കിലും ഒരിടത്തും പോലും വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എംഎല്‍എ, എംഎല്‍സി, എംപി തുടങ്ങി വിവിധ പദവികളിലേക്കാണ് മുഖ്യമായി മത്സരിച്ചത്. ഓരോ തവണ മത്സരിക്കുമ്പോഴും കെട്ടിവെച്ച പണം നഷ്ടപ്പെടുമെങ്കിലും തുടര്‍ന്നും മത്സരിക്കുന്നതിനുള്ള ആവേശം ഇത് ഒട്ടും ചോര്‍ത്തിയില്ല.

2012 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കുന്നതിന് 50 എംപിമാരുടെ പിന്തുണയുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനായി ഹാജരാക്കിയ 50 എംപിമാരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത് അന്ന് വലിയ വിവാദമായിരുന്നു. വക്കീലായ ഇദ്ദേഹം ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഗിന്നസ് റെക്കോര്‍ഡ് നേടുന്നതിനുള്ള പരിശ്രമത്തിലായിരുന്നു.


Previous Post Next Post