ബലാത്സം​ഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം കാണിക്കരുത്; നിരീക്ഷണവുമായി ഹൈക്കോടതി

 


കൊച്ചി: ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം കാണിക്കരുതെന്ന് കേരളാ ഹൈക്കോടതി. ഇന്നാണ് ഹൈക്കോടതി ഇത്തരത്തിൽ നിർണായകമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. കുഞ്ഞിന്റെ സംരക്ഷണത്തെ ചൊല്ലി വിവാഹമോചിതരായ ദമ്പതികളുടെ തർക്കം പരിഗണിക്കവേയാണ് ഈ നിരീക്ഷണം നടത്തിയത്. സെക്ഷൻ 376 ലിംഗഭേദമില്ലാതെയുള്ള വ്യവസ്ഥയല്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. ബലാത്സംഗ കുറ്റവുമായി ബന്ധപ്പെട്ട വകുപ്പാണ് സെക്ഷൻ 376. കേസ് പരിഗണിക്കവെ ഭർത്താവ് ഒരിക്കൽ ബലാത്സംഗ കേസിൽ പ്രതിയാണെന്ന കാര്യം കോടതിയിൽ ഉന്നയിച്ചിരുന്നു. ഈ സമയത്താണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ പരാമർശം ഉണ്ടായിരിക്കുന്നത്. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തിൽ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376ാം വകുപ്പിന് ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശം ഉണ്ടായിരിക്കുന്നത്. ജഡ്ജിയുടെ പരാമർശം ഇങ്ങനെ, "സെക്ഷൻ 376 ലിംഗ ഭേദമില്ലാതെയുള്ള വ്യവസ്ഥയല്ല. ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ച് വിവാഹ വാഗ്ദാനം നൽകിയാൽ, അവൾക്കെതിരെ കേസെടുക്കാൻ കഴിയില്ല. എന്നാൽ അതേ കുറ്റത്തിന് ഒരു പുരുഷനെ പ്രതിയാക്കാം. ഇത് ഏത് തരത്തിലുള്ള നിയമമാണ്? ലിംഗ-നിഷ്പക്ഷത പുലർത്തണം." മറ്റൊരു കേസിൽ ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകൾ ലിംഗ വിവേചനമുള്ളതാണെന്ന് ഈ വർഷമാദ്യം മറ്റൊരു കേസ് പരിഗണിക്കവേ ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.


Previous Post Next Post