വാഷിങ്ടൺ: ടെക്സസ് സ്കൂളിലുണ്ടായ വെടിവയ്പ്പിന്‍റെ ഭീതി ഒഴിയും മുന്നേ അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. ഓക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പിൽ അക്രമി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു.
ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വെടിവയ്പ്പിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം 4.25നാണ് അക്രമമുണ്ടായത്. അക്രമി സ്വയം വെടിയുതിർത്തതാണെന്നാണ് കരുതുന്നതെന്ന് ടൾസ ഡെപ്യൂട്ടി പോലീസ് ചീഫ് ജോനാതൻ ബ്രൂക്സും മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
വിവരം ലഭിച്ച് നിമിഷങ്ങൾക്കകം തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. ബിൽഡിങ്ങിന്‍റെ രണ്ടാം നിലയിലാണ് വെടിവെയ്പ്പ് നടന്നത്. ഡോക്ടർമാരുടെ ഓഫീസുകൾ ഉൾപ്പെടെയുള്ളവ ഇവിടെയാണ് പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാരും രോഗികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് കരുതുന്നത്. ഇവരുടെ വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അക്രമി കൊല്ലപ്പെട്ടെങ്കിലും പോലീസ് ഓരോ മുറികൾ കയറിയിറങ്ങി പരിശോധിക്കുകയാണ്. സുരക്ഷാ ഭീഷണി ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഇത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച യുഎസിലെ ടെക്സസ് സംസ്ഥാനത്തെ യുവാൽഡി പട്ടണത്തിലുള്ള റോബ് എലമെന്‍റെറി സ്കൂളിൽ പതിനെട്ടുകാരൻ നടത്തിയ വെടിവയ്പ്പിൽ 21 പേരായിരുന്നു കൊല്ലപ്പെട്ടത്. 19 കുട്ടികളും 2 അധ്യാപകരും ഉൾപ്പെടെയാണിത്. ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികൾ.