തിരുവനന്തപുരം: വിവാഹ വാർഷിക ദിനത്തിൽ കുറിപ്പുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജീവനുള്ള മനുഷ്യന്‍റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്‍റെ പ്രിയപ്പെട്ടവൾ എന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വീണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് റിയാസിന്‍റെ കുറിപ്പ്. 2020 ജൂൺ 15നായിരുന്നു മുഹമ്മദ് റിയാസും വീണ വിജയനും വിവാഹിതരാകുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനിൽക്കുന്ന സമയമായിരുന്നതിനാൽ ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പിഎ മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
"ഇന്ന് വിവാഹ വാർഷികം..
നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്‍റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്‍റെ പ്രിയപ്പെട്ടവൾ"
സ്വർണ്ണക്കടത്ത് കേസ് രണ്ടാംപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് കഴിഞ്ഞദിവസമായിരുന്നെന്നതും ശ്രദ്ധേയമാണ്.