മലപ്പുറം: ഹോട്ടലിൽ കയറി വയറുനിറച്ച് ഭക്ഷണം കഴിച്ചശേഷം ഇറച്ചിക്ക് രുചിവ്യത്യാസമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വിലസുന്നു. മലപ്പുറം വേങ്ങരയിലാണ് ഇത്തരത്തിലുള്ള സംഘം വിലസുന്നത്. പൊലീസിൽ പരാതിപ്പെട്ടതോടെ അഞ്ചംഗ സംഘം പിടിയിലായി.
കണ്ണമംഗലം പൂച്ചോലമാട് പുതുപ്പറമ്പിൽ വീട്ടിൽ ഇബ്റാഹീം (33), സഹോദരൻ അബ്ദുറഹ്‌മാൻ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണിൽവീട്ടിൽ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയിൽ വീട്ടിൽ ജാസിം(21), പൂച്ചോലമാട് പുതുപ്പറമ്പിൽ വീട്ടിൽ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തിന് രുചിവ്യത്യസമുണ്ടെന്നും ഇറച്ചി പഴയതാണെന്നും പറഞ്ഞാണ് യുവാക്കൾ ഉടമകളെ ഭീഷണിപ്പെടുത്തുന്നത്. കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും കൂൾബാറുകളിലും ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു.
ഇടക്കിടക്ക് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെൻറിന്റെ പരിശോധന നടക്കുന്ന സമയത്താണ് പുതിയ തട്ടിപ്പുമായി യുവാക്കൾ രംഗത്തെത്തിയത്. ഭക്ഷ്യസുരക്ഷാവകുപ്പിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ ഒത്തുതീർപ്പിനെന്നും പറഞ്ഞാണ് യുവാക്കൾ പണം ആവശ്യപ്പെടുന്നത്.
നിരന്തരം പരിശോധന നടക്കുന്ന സമയമായതിനാൽ ബിസിനസിനെ ബാധിക്കുമെന്ന് പേടിച്ച് ഹോട്ടലുടമകൾ പണം നൽകാൻ നിർബന്ധിതരാകുകയായിരുന്നു. കഴിഞ്ഞ ദിവസം വേങ്ങരയിലെ ഒരു സ്ഥാപനത്തിൽ സമാനസംഭവം നടന്നത് സ്ഥാപന ഉടമ വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പുസംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
ഭക്ഷണം കഴിച്ചശേഷം നാല് പേരടങ്ങിയ സംഘം ഇറച്ചിക്ക് മോശപ്പെട്ട മണമുള്ളതായി ക്യാഷ് കൗണ്ടറിൽ അറിയിക്കുകയും സംഘത്തെ ബന്ധപ്പെടാൻ മൊബൈൽ നമ്പർ നൽകി പോകുകയുമായിരുന്നു. ഉടമയെത്തിയ ശേഷം നൽകിയ നമ്പറിലേക്ക് വിളിച്ചപ്പോൾ ഒത്തുതീർക്കാനെന്ന പേരിൽ 40,000രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു. ഇവരുടെ ഇടനിലക്കാരനായി പ്രവർത്തിച്ച വ്യക്തി നേരത്തെ വേങ്ങരയിൽ സമാനമായ രീതിയിൽ മറ്റൊരു സ്ഥാപനത്തിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ തകരാറുണ്ടായെന്നും അതോടെ കട അടക്കേണ്ടി വന്നുവെന്നും ഈ അവസ്ഥ വരാതിരിക്കാനാണ് തുക നൽകി ഒതുക്കുന്നതെന്നും പറഞ്ഞതോടെയാണ് സംഭവത്തിന് പിന്നിൽ ബ്ലാക്ക് മെയിൽ സംഘമാണെന്ന് വ്യക്തമായത്.
കഴിഞ്ഞ റമസാൻ അവസാന ദിവസം പ്രമുഖ ഹോട്ടൽ ശൃംഖലയിൽ നോമ്പുതുറക്കെത്തിയ 20 അംഗ സംഘത്തിന് ഭക്ഷണത്തിൽനിന്ന് അസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പറഞ്ഞ് ഏതാനും പേരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കാസർകോട് ഷവർമ കഴിച്ചുണ്ടായ മരണത്തെ തുടർന്ന് സംഭവം വിവാദമാകുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവത്തിൽ കക്ഷികൾ ഒതുക്കി തീർക്കാനെന്ന പേരിൽ ഒന്നരലക്ഷം രൂപയോളം ആവശ്യപ്പെട്ടിരുന്നതായി സ്ഥാപന ഉടമ പറഞ്ഞു. മധ്യസ്ഥർ മുഖേനെ ഇവർ 35,000 രൂപ വാങ്ങിയ ശേഷം പൊലീസിൽ നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.