തിരുവനന്തപുരം: കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി ബധിരയും മൂകയുമായ വീട്ടമ്മയുടെ കമ്മല്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് പ്രതിയുടെ രേഖാ ചിത്രം തയാറാക്കി. സംഭവദിവസം രാവിലെ കവര്‍ച്ച നടന്ന വീട്ടില്‍ താമസക്കാരനായ രതീഷിന്റെ പേര് പറഞ്ഞു വീട് അന്വേഷിച്ചു എത്തിയ ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ വഴി ചോദിച്ച വീടുടമയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ്, ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏകദേശ രൂപം ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മുതിയാവിള കളിയാകോട് ഷാലോം നിവാസില്‍ കുമാരി(53)യെ തോക്ക് ചൂണ്ടി മര്‍ദിച്ച് ഇവര്‍ ധരിച്ചിരുന്ന മുക്കുപണ്ട കമ്മല്‍ ഊരി വാങ്ങിയത്. മകള്‍ ജ്യോതിയും മരുമകന്‍ രതീഷും പള്ളിയില്‍ പോയ സമയത്തായിരുന്നു മുഖംമൂടിയും കയ്യുറയും ധരിച്ചെത്തിയ മോഷ്ടാവ് വീട്ടില്‍ കടന്നത്. ശബ്ദിക്കരുതെന്ന് ആംഗ്യഭാഷയില്‍ പറഞ്ഞശേഷം മോഷ്ടാവ് കമ്മല്‍ ആവശ്യപ്പെട്ടു. ഊരി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മുടിയില്‍ പിടിച്ച് കുനിച്ച് മുതുകില്‍ ഇടിച്ചു.
ഇതോടെ കമ്മല്‍ ഊരി നല്‍കി. ഇതിനുശേഷം മുറിക്കുള്ളിലെ അലമാര തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട് പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്ന് പിന്‍ വാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസില്‍ കാര്യമായ തുമ്പ് ലഭിച്ചില്ല. ഡിവൈഎസ്പി കെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷാഡോ പൊലീസ് സംഘവും അന്വേഷണത്തിനു പിന്നാലെയുണ്ട്. സംഭവ ദിവസം രതീഷിന്റെ വീട് അന്വേഷിച്ച് രാവിലെ ഒരാള്‍ ബൈക്കില്‍ എത്തിയെന്ന് പ്രദേശത്തുള്ള ഒരു കടയുടമ പൊലീസിനു മൊഴി നല്‍കിയിരുന്നു.
കുമാരിയുടെ മരുമകന്‍ രതീഷിന് ശനിയാഴ്ച സഹകരണ ബാങ്കില്‍ നിന്ന് ചിട്ടി നറുക്കില്‍ ലഭിച്ചു. എന്നാല്‍ പണം ലഭിച്ചില്ല. ഇത് അറിയാവുന്നവര്‍ ആരെങ്കിലുമാണൊ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഉള്‍പ്രദേശമായതിനാല്‍ മോഷ്ടാവ് കയറിയ വീടിന്റെ പരിസരത്ത് സിസിടിവി ക്യാമറകള്‍ ഇല്ല. എന്നാല്‍ പ്രധാന റോഡിന്റെ പല ഭാഗത്തും ക്യാമറകളുണ്ട്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. പിന്നാലെയാണ് രേഖാചിത്രം തയാറാക്കിയത്.
മുഖംമൂടിയും കൈയുറയും ധരിച്ച കള്ളന്‍ തോക്ക് ചൂണ്ടി തന്നെ ആക്രമിച്ച് കമ്മലുമായി കടന്നു എന്നാണ് കുമാരിയുടെ മൊഴി. എന്നാല്‍ കറുത്ത കൈയുറ തോക്ക് പോലെ ചൂണ്ടിയതാകാമെന്ന് പൊലീസ് പറയുമ്പോള്‍ തന്റെയടുത്തുവന്ന മോഷ്ടാവിന്റെ കൈയില്‍ തോക്ക് ഉണ്ടായിരുന്നതായി കുമാരി ഉറപ്പിച്ച് പറയുന്നു. ജില്ലയില്‍ ഇത്തരത്തില്‍ ഒരു ആക്രമണവും മോഷണവും കണ്ടു പരിചയമില്ലാത്ത പോലീസ് സ്ഥിരം കള്ളന്മാരുടെ പട്ടികയിലും രീതിയിലും പെടാത്ത കേസ് എന്ന നിലക്ക് ആകെ വെട്ടിലായിരിക്കുകയാണ്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്ഥമായി പകല്‍ സമയം മുഖംമൂടി ധരിച്ച് വീടുകയറി ആക്രമണം നടത്തിയ രീതിയാണ് പൊലീസിനെ വെട്ടിലാക്കിയത്.