തൃക്കാക്കരയിൽ ചരിത്ര ജയവുമായി ഉമ; കാൽ ലക്ഷത്തിലേറെ ഭൂരിപക്ഷം




 



കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉമാ തോമസിന് ചരിത്ര വിജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചത്. 25,112 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം. തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് പഴങ്കഥയാക്കിയത്. ഇതോടെ പി ടി തോമസിന്റെ പിൻ​ഗാമിയായി പ്രിയതമ ഉമാ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. 
ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമ തോമസ് ഭർത്താവും മുൻ എംഎൽഎയുമായ പി ടി തോമസിന്റെ ഭൂരിപക്ഷം പിന്നിട്ടിരുന്നു. 14,239 ആയിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ഈ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയാണ് ഇത്തവണ ഉമ തോമസിന്റെ കുതിപ്പ്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് സാധിച്ചില്ല. ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്. 

തപാല്‍ വോട്ടുകളില്‍ ഉമാ തോമസ് ഒരു വോട്ടിന്റെ ലീഡാണ് നേടിയത്‌. ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 

യുഡിഎഫിനായി ഉമ തോമസ്, എല്‍ഡിഎഫിനായി ഡോ. ജോ ജോസഫ്, എന്‍ഡിഎയുടെ എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.


Previous Post Next Post