കൊല്ലം: കൊട്ടാരക്കരയിലെ അങ്കണവാടിയിൽ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നാല് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോപണം. ഇവിടെ നിന്നും പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. കായംകുളത്തെ യു.പി സ്‌കൂളിലും വിഴിഞ്ഞത്തും സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കളെത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. രക്ഷിതാക്കളുടെയും നഗരസഭാ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച നിലയിൽ അങ്കണവാടിയിൽ നിന്നും അരി കണ്ടെത്തിയത്. കൊട്ടാരക്കര നഗരസഭ ചെയർമാന്റെ പരാതിയിൽ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഇരുപതോളം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും കഴിച്ച ഉച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.