യുഎപിഎ പ്രകാരം കേസ് എടുത്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം. ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ പ്രവാചകനെതിരായി നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട തയ്യല്‍ ജോലിക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിരുന്നു.
കൊലപാതകത്തിലൂടെ രാജ്യത്ത് മുഴുവനുമുള്ള ആളുകളെ ഭീതിയിലാഴ്ത്തണമെന്നായിരുന്നു ഇരുവരുടേയും ഉദ്ദേശമെന്ന് എന്‍ഐഎ അറിയിച്ചു. പ്രാദേശിക തീവ്രവാദ സംഘങ്ങളുടെ പങ്കാളിത്തവും അവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സഹായങ്ങളെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കും. പ്രതികളെ ജയ്പൂരില്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദവാത് ഇ ഇസ്‌ലാമി എന്ന ഭീകര സംഘടനയില്‍ ഇരുവരും അംഗത്വമെടുത്തതായി എന്‍ഐഎക്ക് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ അംഗത്വമെടുത്തതായി സംശയിക്കുന്നത്. ഇവര്‍ പാകിസ്താനിലുള്ളവരുമായി സമ്പര്‍ക്കത്തിലായിരുന്നുവെന്നും സംശയിക്കുന്നതായി അന്വേഷണ ഏജന്‍സി അറിയിച്ചു.
എന്നാല്‍, നിഗമനങ്ങളിലേക്ക് എത്താറായിട്ടില്ലെന്നും എന്‍ഐഎ പറയുന്നു. ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തില്‍ 10 അംഗ എന്‍ഐഎ സംഘം ഉദയ്പൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.