തത്വത്തില്‍ അംഗീകാരമുണ്ട്; കല്ലിടാന്‍ പ്രത്യേക അനുമതി വേണ്ടെന്ന് കെ റെയില്‍

 


തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചതിന് പിന്നാലെ വിശദീകരണവുമായി കെ റെയില്‍. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയതുകൊണ്ടാണ് കല്ലിടല്‍ നടത്തിയത്. കല്ലിടാന്‍ കേന്ദ്രത്തിന്റെയോ, റെയില്‍വേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കെ റെയില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലുള്ള കാര്യമാണ്. സംസ്ഥാന സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കാനും സാമൂഹിക ആഘാത പഠനം നടത്താനും അധികാരമുണ്ട്. അതിനാല്‍ കല്ലിടാന്‍ അധികാരമുണ്ടെന്നും കെ റെയില്‍ വിശദീകരിക്കുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതും അലൈന്‍മെന്റിന്റെ അതിരയാളം സ്ഥാപിക്കുന്നതും പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങള്‍ 2016 ഓഗസ്റ്റ് 5 ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നുണ്ട്.

അതനുസരിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.  

1. സാധ്യതാ പഠനങ്ങള്‍ നടത്തുക
2. വിശദമായ പദ്ധതിരേഖകള്‍ തയ്യാറാക്കല്‍
3. പ്രാരംഭ പരീക്ഷണങ്ങള്‍
4. സര്‍വേകള്‍ / അന്വേഷണങ്ങള്‍
5. പദ്ധതികള്‍ക്കായി ആവശ്യമായ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കല്‍
6. അതിര്‍ത്തി മതിലുകളുടെ നിര്‍മാണം
7. റോഡുകളുടെ നിര്‍മാണം
8. ചെറിയ പാലങ്ങളും കള്‍വെര്‍ട്ടുകളും നിര്‍മിക്കല്‍
9. ജല - വൈദ്യുത ലൈനുകളുടെ നിര്‍മാണം
9. പദ്ധതിപ്രദേശത്തെ ഓഫീസുകളുടെ നിര്‍മാണം
10. പദ്ധതി പ്രദേശത്തെ താല്ക്കാലിക താമസ സൗകര്യങ്ങളൊരുക്കല്‍
11. പരിസ്ഥിതി മാനേജ്മെന്റ് പ്ലാനുകള്‍ തയ്യാറാക്കല്‍
12. വനം -വന്യജീവി വകുപ്പുകളുടെ അനുമതി 
13. ബദല്‍ വനവല്‍ക്കരണം
14. വനഭൂമി തരം മാറ്റുന്നതിനുള്ള പണം നല്‍കല്‍

ഇതനുസരിച്ച് പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്താനും അധികാരമുണ്ട്. അതുകൊണ്ടു തന്നെ അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനും അധാകരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതിനു കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്ന് കെ റെയില്‍ പറയുന്നു. 

ഡി.പി.ആര്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനക്കു ശേഷം ബോര്‍ഡ് ആവശ്യപ്പെട്ട റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വൈകാതെ സമര്‍പ്പിക്കുമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചു.

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാനാണ് തത്വത്തില്‍ അനുമതി നല്‍കിയത്. സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ റെയിലിന്റെ വിശദീകരണം.

സിൽവർ ലൈൻ പദ്ധതിയിലുള്ള നിലപാട് കേന്ദ്രസർക്കാർ നേരത്തേയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക ആഘാത പഠനത്തിനായി സംസ്ഥാന സർക്കാർ സമീപിച്ചിട്ടില്ല. സർവ്വേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നുവെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 

സിൽവർലൈൻ പദ്ധതിയിൽ സർക്കാരിനോട് ഹൈക്കോടതി വ്യക്തത തേടിയിരുന്നു. നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സിൽവർലൈൻ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ, സർവേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സർവേസ് ആൻഡ് ബൗണ്ടറീസ് ആക്ടിൽ വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിർദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്.

Previous Post Next Post