കൊല്ലം : മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു.തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചടയമംഗലം എംഎല്‍എ ആയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്. ദീർഘകാലം മിൽമ ചെയർമാനായിരുന്നു. 2001ൽ ചടയമംഗലത്തുനിന്നാണ് എംഎൽഎ ആയത്. കെ എസ് യു വഴിയാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. സഹകരണസ്ഥാപനമായ മിൽമയുടെ ചെയര്‍മാനായി ദീര്‍ഘകാലം ഗോപാലകൃഷ്ണൻ പ്രവര്‍ത്തിച്ചിരുന്നു. മറ്റെല്ലാ സഹകര സ്ഥാപനത്തിലും സിപിഎം ആധിപത്യം ഉറപ്പിച്ചപ്പോൾ പ്രയാറിൻ്റെ പിന്തുണയോടെ മിൽമ കോണ്‍ഗ്രസിനൊപ്പം നിൽക്കികയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ പ്രയാര്‍ യുവതീപ്രവേശനത്തെ എതിര്‍ത്തു കൊണ്ട് കര്‍ശന നിലപാട് എടുത്തതും ഏറെ ചർച്ചയായിരുന്നു. ഒടുവിൽ മുഖ്യമന്ത്രി പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രയാറിനെ എൽഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനൻസിലൂടെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി.
ശബരിമല വിവാദത്തോടെ വാര്‍ത്തകളിൽ നിറഞ്ഞ പ്രയാറിനെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിക്കുകയും അദ്ദേഹത്തിന് ലോക്സഭാ സീറ്റ് വരെ വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് സൂചനകളുണ്ടായിരുന്നു. .യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയതിന്റെ പേരിലായിരുന്നു ബിജെപിയുടെ സീറ്റ് വാഗ്ദാനം. കോൺഗ്രസ് വേണ്ടവിധം പരിഗണിച്ചില്ലെങ്കിലും കോണ്ഡഗ്രസ് ആശയത്തിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും മിൽമയെയും നയിച്ച അദ്ദേഹം ദീർഘകാലമായി സഹകരണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദേഹത്തിന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തലയും അനുശോചനം രേഖപ്പെടുത്തി.