ആധാറിനെ ദുരുപയോഗം ചെയ്ത് അന്താരാഷ്ട്ര മയക്കുമരുന്നുസംഘം

ദില്ലി*: ആധാര്‍ പകര്‍പ്പ് പങ്കുവെക്കരുതെന്ന യു.ഐ.ഡി.എ.ഐ. ബെംഗളൂരു ഓഫീസിന്റെ വിവാദ മുന്നറിയിപ്പിനുകാരണം അന്താരാഷ്ട്ര മയക്കുമരുന്നുസംഘം നടത്തിയ തട്ടിപ്പില്‍ ആധാറിന്റെ ദുരുപയോഗം കണ്ടെത്തിയതോടെ. 

ബെംഗളൂരു വിമാനത്താവളത്തില്‍ കഴിഞ്ഞമാസം കസ്റ്റംസ് വിഭാഗം പിടികൂടിയ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ആളുകള്‍ ഓരോ ആവശ്യത്തിനായി നല്‍കുന്ന ആധാറിന്റെ പകര്‍പ്പുകള്‍ സംഘടിപ്പിച്ച് ഫോട്ടോഷോപ്പില്‍ മാറ്റംവരുത്തി കള്ളക്കടത്തുസംഘങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍.

 ബെംഗളൂരുവിലെ മയക്കുമരുന്നുകടത്തിന് ആന്ധ്രാസ്വദേശിയുടെ ആധാര്‍ വിവരങ്ങളാണ് കള്ളക്കടത്തുസംഘം ദുരുപയോഗംചെയ്തത്.
ഈ സംഭവത്തിനുപിന്നാലെ മേയ് 27-നാണ് ആധാര്‍കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യു.ഐ.ഡി.എ.ഐ. ബെംഗളൂരു ഓഫീസ് മുന്നറിയിപ്പ് നല്‍കിയത്. ഏതെങ്കിലുംസേവനങ്ങള്‍ക്കായി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിനുപകരം ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകുന്ന ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രമടങ്ങിയ മാസ്‌ക്ഡ് ആധാര്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.

 യു.ഐ.ഡി.എ.ഐ.യുടെ ലൈസന്‍സില്ലാത്ത ഹോട്ടലുകളും മറ്റും ആധാര്‍പകര്‍പ്പുകള്‍ വാങ്ങുന്നത് നിയമപ്രകാരം കുറ്റകരമാണെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.


Previous Post Next Post