യുഎഇയില്‍ ഇന്ധന വില ഉയര്‍ന്നു; പെട്രോളിന് റെക്കോഡ് വില

 


അബുദാബി: പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ച് യുഎഇ പെട്രോളിയം മന്ത്രാലയം. ജൂണ്‍ ഒന്നു മുതല്‍ ഒരു മാസത്തേക്കാണ് വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോള്‍ വില മെയ് മാസത്തേക്കാള്‍ ലിറ്ററിന് 49 ഫില്‍സാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില നാല് ദിര്‍ഹമിനു മുകളിലെത്തി. 2015ല്‍ രാജ്യത്ത് വില നിയന്ത്രണ സംവിധാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് പെട്രോള്‍ വില നാല് ദിര്‍ഹത്തിന് മുകളിലേക്ക് ഉയരുന്നത്.

സൂപ്പര്‍ 98 പെട്രോളിന് 4.15 ദിര്‍ഹം, സ്പെഷ്യല്‍ ലിറ്ററിന് 4.03 ദിര്‍ഹം, ഇ പ്ലസ് ലിറ്ററിന് 3.96 ദിര്‍ഹമുമാണ് പുതുക്കിയ വില. ഡീസല്‍ വില ലിറ്ററിന് 4.14 ദിര്‍ഹമാണ്. ഈ വര്‍ഷം ജനുവരിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 2.65 ദിര്‍ഹമായിരുന്നു. അഞ്ചു മാസം കൊണ്ട് 56 ശതമാനത്തിന്റെ വര്‍ധനവാണ് പെട്രോള്‍ വിലിയല്‍ ഉണ്ടായിരിക്കുന്നത്.

2022 ഫെബ്രുവരിയില്‍ സൂപ്പര്‍ 98 ലിറ്ററിന് 3.66 ദിര്‍ഹമും സ്പെഷ്യല്‍ 95ന് 3.55 ദിര്‍ഹമും ആയിരുന്നു വില. ഗ്രേഡ് കുറഞ്ഞ ഇ പ്ലസിന്റെ വില 3.48ല്‍ നിന്നാണ് 3.96 ആയി ഉയര്‍ന്നത്. ഡിസലിന്റെ പഴയ വില ലിറ്ററിന് 4.08 ദിര്‍ഹമായിരുന്നു. റഷ്യ- യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധന വില ഉയര്‍ന്നതാണ് കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടയിലെ വിലയിലുണ്ടായ വലിയ വ്യത്യാസത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയതോടെ എണ്ണ കമ്പോളത്തില്‍ അതിന്റെ ലഭ്യത വലിയ തോതില്‍ കുറഞ്ഞതാണ് പെട്ടെന്നുള്ള വില വര്‍ധനവിന് കാരണം.

Previous Post Next Post