പത്തനംതിട്ട : കാട്ടുപന്നികളെ വെടി വച്ച് കൊല്ലാനുള്ള അധികാരം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടന്റുമാർക്ക് നൽകിയതിന് പിന്നാലെ ആദ്യ വെടി റാന്നിയിൽ പൊട്ടി. വനാതിർത്തികളും കടന്ന് നാട്ടിലെങ്ങും കാട്ടു പന്നികളുടെ ശല്യം വർധിച്ചതോടെ ആണ് സർക്കാർ ഇവയെ വെടി വച്ച്കൊല്ലാനായി പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചത്. ഇതനുസരിച്ചാണ് റാന്നി പഞ്ചായത്തിൽ പന്നിയെ കൊല്ലാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർദേശം നൽകിയത്. ഉപയോഗ ശൂന്യമായി കിടന്ന കിണറ്റിൽ വീണ കാട്ടുപന്നിയെ ആണ് വെടിവച്ചു കൊന്നത്. പഞ്ചായത്ത് മൂന്നാം വാർഡിൽ പുളിമൂട്ടിൽ കുരുവിള ഏബ്രഹാമിന്റെ പറമ്പിലെ കിണറ്റിലാണ് നൂറു കിലോയിലധികം തൂക്കം വരുന്ന ഒറ്റയാൻ പന്നി വീണത്. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടേയും വനംവകുപ്പ് ദ്രുതകർമ്മ സേനാംഗങ്ങളുടേയും സാന്നിധ്യത്തിൽ പാനൽ ഷൂട്ടർ പി.കെ സുകുവാണ് പന്നിയെ വെടിവച്ചത്. കിണറിനു വെളിയിൽ എടുത്ത പന്നിയെ തുടർനടപടികൾക്കു ശേഷം മറവു ചെയ്തു. ഉപദ്രവകാരികളായ പന്നികളെ കൊല്ലുന്നതിന് അനുമതി നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അനുവദിച്ചു കൊണ്ടുള്ള ഉത്തരവു വന്ന ശേഷം ആദ്യം നടക്കുന്ന പന്നിവേട്ടയാണിത്. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ ആയി പ്രഖ്യാപിച്ചു വെടിവച്ചു കൊല്ലാൻ വേണ്ട നടപടിക്ക് സർക്കാർ ഉത്തരവ് നേരത്തെ നൽകിയിരുന്നു. കേരളത്തിലെ ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശമായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം കുറക്കാൻ വനം വകുപ്പിനായില്ല. ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ ഉപാധികളോടെ സർക്കാർ അനുമതി നൽകിയത്. എന്നാൽ ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയത്. എന്നാൽ സംസ്ഥാന ഗവണ്മെന്റിന്റെ ഉത്തരവിനെതിരെ മനേകാ ഗാന്ധി മന്ത്രിക്ക് കത്തയച്ചിരുന്നു. ഒരു വർഷത്തിനകം ഉത്തരവ് പുനഃ പരിശോധിക്കാം എന്നുസംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മറുപടിയും നൽകിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് തുണയായി; റാന്നിയില്‍ കാട്ടുപന്നിക്ക് ആദ്യവെടി
jibin
0
Tags
Top Stories