ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജുകൾക്ക് നിയന്ത്രണം വരുന്നു. റെയിൽവേയുടെ ലഗേജ് നിയമം കർശനമായി നടപ്പാക്കാനാണ് നീക്കം. പണം അടച്ച ശേഷം മാത്രമാകും നിശ്ചയിച്ചതിലും കൂടുതൽ ലഗേജ് കൊണ്ടുപോകാൻ അനുവദിക്കുക. ബുക്ക് ചെയ്യാതെ പരിധിയിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യുന്നവർക്ക് പിഴയിടാനാണ് റെയിൽവേ നീക്കം. യാത്ര ചെയ്യുന്ന ക്ലാസുകൾക്ക് അനുസൃതമായിട്ടാണ് ലഗേജിന്റെ തൂക്കം നിശ്ചയിച്ചിരിക്കുന്നത്.
സൗജന്യമായി എത്ര കിലോ ലഗേജ് കൊണ്ടുപോകാനാകും?
എസി ഫസ്റ്റ് ക്ലാസിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ 70 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാനാകും. എസി 2 ടയറിലാണ് യാത്ര ചെയ്യുന്നതെങ്കിൽ 50 കിലോയാണ് പരിധി. എസി 3 ടയർ സ്ലീപ്പർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ് എന്നിവയിൽ 40 കിലോയാണ് പരിധി. 2 ക്ലാസ് യാത്രികർക്ക് 25 കിലോ ലഗേജ് മാത്രമാണ് കരുതാനാകുക. ലഗേജ് അധികമായാൽ പാഴ്സൽ ഓഫീസിൽ ചെന്ന് ബുക്ക് ചെയ്യേണ്ടതുണ്ട്. 30 രൂപയാണ് അധിക ലഗേജിന്റെ ചാർജ്. രജിസ്റ്റർ ചെയ്യാതെ അധികം ലഗേജുമായി യാത്ര ചെയ്താൽ ആറിരട്ടി തുക പിഴയീടാക്കും.
എങ്ങനെ ലഗേജ് ബുക്ക് ചെയ്യാം?
യാത്ര ചെയ്യുന്ന അതേ ട്രെയിനിൽ ലഗേജ് കൊണ്ടുപോകണമെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ലഗേജ് ബുക്കിങ് സ്റ്റേഷനിലെ ലഗേജ് ഓഫീസിൽ എത്തിക്കണം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം അധിക ലഗേജും മുൻകൂട്ടി ബുക്ക് ചെയ്യാം. ലഗേജ് നിയമങ്ങൾ കർക്കശമാക്കുന്ന പശ്ചാത്തലത്തിൽ അധിക ലഗേജുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് റെയിൽ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.