ഇ പി ജയരാജനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല? കാരണമുണ്ട്, പോലീസ് പറയുന്നത് ഇങ്ങനെ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവർ ശ്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ ആർകെ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസ്. എന്നാൽ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. യൂത്ത് കോൺഗ്രസിൻ്റെ പത്തിലേറെ പരാതികൾ ലഭിച്ചെങ്കിലും ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്ക് പോലീസ് മേധാവി കൈമാറിയെങ്കിലും തുടർനടപടിയുണ്ടായില്ല. സംഭവത്തിൽ ആരെങ്കിലും പരാതി നൽകിയിട്ട് കാര്യമില്ല എന്ന നിലപാടിലാണ് പോലീസുള്ളതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ ഇ പി ജയരാജൻ തള്ളിമാറ്റിയ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് പരാതി നൽകേണ്ടതെന്ന വാദത്തിലാണ് പോലീസ്. ഇവർ പരാതി നൽകിയാൽ പരിശോധിക്കാമെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപി ജയരാജനെതിരെ കേസെടുക്കാൻ പോലീസ് മടിക്കുന്നത്.


മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് ഒളിവിൽ കഴിയുന്നത്. ഇയാൾക്കായി ലുക്കൗട്ട് സർക്കുലർ ഇറക്കും. രണ്ട് പേർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. മൂന്നമനായ സുനിത് നാരായണനാണ് വീഡിയോ എടുത്തതെന്നാണ് റിപ്പോർട്ട്. ഇയാൾ യാത്രക്കാരോടൊപ്പം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുനിതിന്റെ വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതെന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ. പോലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സീറ്റ് ബെൽറ്റ് ഊരാനുള്ള നിർദേശം നൽകി. ഉടൻ തന്നെ മുദ്രാവാക്യം വിളികളുമായി മൂന്ന് പേർ സീറ്റിൽ നിന്നും എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് സമീപത്തേക്ക് പാഞ്ഞടുത്തു. ഈ സമയം ഇവരെ മുഖ്യമന്ത്രിക്കൊപ്പമുള്ളയാൾ തടഞ്ഞെന്നുമാണ് ഇൻഡിഗോ പോലീസിന് കൈമാറിയ റിപ്പോർട്ടിലുള്ളത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയോ ഇ പി ജയരാജൻ്റെയോ പേര് റിപ്പോർട്ടിൽ പറയുന്നില്ല.
Previous Post Next Post