പത്ത് മിനിറ്റിൽ മദ്യം വീട്ടിലെത്തും; കൊൽക്കത്തയിൽ ‘ബൂസി’ ആപ്പിന് അനുമതി


കൊൽക്കത്ത: മദ്യം അതിവേഗം കയ്യിൽ കിട്ടാൻ പുത്തൻ ആപ്പ് പരീക്ഷിക്കാൻ ബംഗാൾ. ഓർഡർ ചെയ്താൽ പത്ത് മിനിറ്റിനുള്ളിൽ മദ്യം വീട്ടിലെത്തുന്ന വിധമുള്ള ‘ബൂസി’ ആപ്പ് (Booozie App) കൊൽക്കത്ത നഗരത്തിൽ ഈ ആഴ്ച തന്നെ സേവനം ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് ബൂസി ആപ്പിന് പിന്നിൽ. അതിവേഗം മദ്യമെത്തിക്കുന്ന ആപ്പിന് സർക്കാരും അനുമതി നൽകിയിട്ടുണ്ട്.  ഓർഡർ ലഭിച്ചാൽ ഏറ്റവും അടുത്തുള്ള മദ്യശാലയിൽ നിന്നും മദ്യം ഉടൻ തന്നെ വീട്ടിലെത്തും എന്നതാണ് ആപ്പിന്റെ പ്രത്യേകത. നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഈ വേഗ സേവനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പത്ത് മിനിറ്റിനുള്ളിൽ മദ്യം വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോം കൂടിയാണ് ബൂസി. വടക്കൻ കൊൽക്കത്തയിലെയും സാൾട്ട് ലേക്കിലെയും ഏഴ് മദ്യവിൽപനശാലകളുമായി ചേർന്നാണ് ആദ്യം പ്രവർത്തനം തുടങ്ങുകയെന്ന് ബൂസി സഹസ്ഥാപകനും സിഇഒയുമായ വിവേകാനന്ദ് ബാലിജെപള്ളിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ഒന്നരമാസത്തിനുള്ളിൽ നഗരത്തിലെ 45 വിൽപന ശാലകളുമായി ധാരണയിലെത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സേവനം നഗരത്തിലാകെ വ്യാപിപ്പിച്ചശേഷമാകും മറ്റു ജില്ലകളിലേക്കും കടക്കുക. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ബൂസി കമ്പനിയുടെ അപേക്ഷ എക്സൈസ് വകുപ്പിന് മുന്നിലെത്തിയത്. നിലവിൽ സ്വിഗ്ഗിയും സ്പെൻസേർസും ബിഗ് ബാസ്ക്കറ്റും സംസ്ഥാനത്ത് ഹോം ഡെലിവറി നടത്തുന്നുണ്ട്. നഗരത്തിൽ നിലവിൽ 200 കോടിയുടെ മദ്യവിൽപനയാണ് നടക്കുന്നത്. ഇതു അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ 770 കോടി രൂപയുടേതായി വർധിക്കുമെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. മദ്യം എത്തിക്കേണ്ട ദൂരപരിധി അനുസരിച്ച് സേവനത്തിന് 50 മുതൽ 150 രൂപ വരെ ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കി.


Previous Post Next Post