ഇടപ്പള്ളി പള്ളിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; പിന്നീട് കേട്ടത് ഉല്ലാസിന്റെയും മക്കളുടെയും മരണവാർത്ത, കൃഷ്ണപ്രിയയെ ബലം പ്രയോഗിച്ച് പുഴയിലേക്ക് എറിഞ്ഞു


കൊച്ചി : ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി ജീവനൊടുക്കിയ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാട്. ആലുവ പാലത്തിൽ നിന്നുമാണ് മൂവരും പെരിയാറിലേക്ക് ചാടിയത്. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടിഎച്ച് ഉല്ലാസ് ഹരിഹരൻ മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു കൃഷ്ണപ്രിയ, ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മൂന്ന് പേർ പുഴയിലേക്ക് ചാടുന്നത് കണ്ടയുടനെ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നീട് പോലീസും അഗ്നിരക്ഷാ സേനയുടെ സ്ഥലത്തൈത്തി തെരച്ചിൽ ആരംഭിച്ചു. കരയിലെത്തിയപ്പോൾ കൃഷ്ണ പ്രിയയ്ക്കും ഏകനാഥനും ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയെത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണ പ്രിയ ജില്ലാ ആശുപത്രിയിൽവെച്ചും ഏകനാഥ് സ്വകാര്യ ആശുപത്രിയിൽ വെച്ചും മരിച്ചു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്താനായത്. ഇവരിൽ നിന്നും കിട്ടിയ ഫോണിൽ നിന്ന് പോലീസ് ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ആദ്യം ഏകനാഥനാണ് പുഴയിലേക്ക് ചാടിയത്. കരഞ്ഞ് കൊണ്ട് കുതറിയോടാൻ ശ്രമിച്ച കൃഷ്ണപ്രിയയെ ഉല്ലാസ് ബലമായി പിടിച്ച് പുഴയിലേക്ക് ഇടുകയായിരുന്നു. പിന്നാലെ ഉല്ലാസും പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുട്ടികളേയും കൂട്ടി ഇടപ്പള്ളി പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഉല്ലാസ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ഭാര്യ രാജി പറയുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു

Previous Post Next Post