ഐഐടി പ്രവേശനപരീഷയെഴുതി എൺപതുകാരൻ; നേട്ടം സ്വന്തം മകനെപ്പോലും പിന്തള്ളി


ആലുവ: ബിഎസ്‌സി ഓൺലൈൻ കോഴ്സിലേക്കുള്ള  ഐഐടി എൻട്രൻസ് പരീക്ഷയെഴുതി എൺപതുകാരൻ. നന്ദകുമാർ കെ.മേനോൻ എന്ന ആലുവ സ്വദേശിയാണ് പ്രായത്തെ വെല്ലുന്ന ദൃഢനിശ്ചയത്തോടെ മ​ദ്രാസ് ഐഐടി നടത്തിയ പ്രവേശന പരീക്ഷ എഴുതിയത്. ആലുവയിലെ ഒരു ഐടി സ്ഥാപനത്തിൽ വെച്ചാണ് പരീക്ഷ നടന്നത്. പരീക്ഷാ സെന്റിന്റെ വാതിൽക്കൽ എത്തിയപ്പോൾ തന്നെ അകത്തേക്കു കടത്തി വിടാൻ സെക്യൂരിറ്റി ജീവനക്കാർ അൽപമൊന്നു ശങ്കിച്ചെന്ന് അദ്ദേഹം പറയുന്നു. ആലുവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറാണ് നന്ദകുമാർ കെ.മേനോൻ. "സെക്യൂരിറ്റി ജീവനക്കാർ എന്നെ ഗേറ്റിനടുത്ത് തടഞ്ഞുനിർത്തി. ഞാൻ പ്രവേശന പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർത്ഥിയാണെന്ന് അവരെ ബോധ്യപ്പെടുത്താൻ പാടു പെടേണ്ടി വന്നു'', നന്ദകുമാർ കെ.മേനോൻ ദ ഹിന്ദുവിനോട് പറഞ്ഞു. പരീക്ഷ എഴുതാനെത്തിയ 120 പേരിൽ 90 ശതമാനം പേരും യുവാക്കൾ ആയിരുന്നെന്നും അദ്ദേഹം പറയുന്നു. "50 വർഷങ്ങൾക്കിടെ ഞാൻ പഠിച്ച കാര്യങ്ങളെല്ലാം ഓർത്തെടുത്തു. പ്രധാനമായും ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ പ്രോസസ്സിംഗ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അത് ഒരു അനുഭവം തന്നെയായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. നന്ദകുമാറിനോടൊപ്പം യുഎഇയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മകൻ സേതു നന്ദകുമാറും നാലാഴ്ച നീണ്ടു നിന്ന പരിശീല പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ സേതുവിന് എൻട്രൻസ് പരീക്ഷയിലേക്ക് യോ​ഗ്യത നേടാനായില്ല. സ്പേസ് ലോയിൽ ഡോക്ടറേറ്റ് ചെയ്യുന്ന തനിക്ക് ​കണക്കു പരീക്ഷ അൽപം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്നും സേതു പറയുന്നു. പ്രവേശന പരീക്ഷയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വിഷയത്തിൽ നാല് പരീക്ഷകൾ വീതം ആകെ 16 പരീക്ഷകൾ നടന്നിരുന്നു. കുറഞ്ഞത് 50 ശതമാനം എങ്കിലും മാർക്ക് ലഭിച്ചവരാണ് പ്രവേശന പരീക്ഷയിലേക്ക് യോ​ഗ്യത നേടിയത്. പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി അച്ഛൻ ദിവസവും രാവിലെ 5.30 ന് എഴുന്നേൽക്കുമായിരുന്നു എന്നും കഠിനാധ്വാനിയാണ് അദ്ദേഹമെന്നും സേതു കൂട്ടിച്ചേർത്തു. രാത്രി 10 മണി വരെ പഠനം നീണ്ടു നിന്നിരുന്നു.നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ ഒരു എഞ്ചീനീയർ ആകണമെന്നായിരുന്നു തന്റെ ആ​ഗ്രഹമെന്ന് നന്ദകുമാർ പറയുന്നു. പ്രശസ്ത എഞ്ചിനീയർ വിശ്വേശ്വരായ  ആയിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഗണിതശാസ്ത്രത്തിൽ നന്ദകുമാർ ബിരുദം നേടി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. പിന്നീട് നാസയുടെ സ്‌കോളർഷിപ്പോടെ യുഎസിലെ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിൽ  നിന്ന് ക്രയോജനിക് എഞ്ചിനീയറിംഗിൽ  ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ആ​ഗ്രഹത്തെ തുടർന്നാണ് ഗ്രീൻ കാർഡ് വേണ്ടെന്നു വെച്ച് സ്വദേശത്തു തന്നെ അദ്ദേഹം എഞ്ചിനീയറായി ജോലി ചെയ്യുന്നത്.

Previous Post Next Post