അതിരുകളില്ലാത്ത പ്രണയം: കാമുകനെ തേടി ബംഗ്ലാദേശില്‍ നിന്ന് നീന്തിയെത്തിയ യുവതിയ്‌ക്ക് പ്രണയസാഫല്യം, ഒടുവില്‍ പോലീസ് പിടിയിൽ


 





   
കൊൽക്കത്ത  : പ്രണയത്തിന് വേണ്ടി ഏത് കടലും താണ്ടുമെന്നാണ് പൊതുവേയുള്ള ചൊല്ല്. എവിടെ പോയാലും ഞാന്‍ നിന്നെ തേടിവരുമെന്ന് കമിതാക്കള്‍ അങ്ങോട്ടുമിങ്ങോട്ടും പറയാറുണ്ടെങ്കിലും മിക്ക സമയങ്ങളിലും ഇത് നടക്കാറില്ല.

അതുപോലെ, സ്വന്തം കാമുകനെ കാണാന്‍ ഒരു രാജ്യത്ത് നിന്നും നീന്തി അയല്‍ രാജ്യത്തെത്തി എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമാണ്. എന്നാല്‍ ഈ സംഭവം സത്യമാണ്. കാമുകനെ കാണാനായി ബംഗ്ലാദേശില്‍ നിന്നും നീന്തി ഇന്ത്യയിലെത്തിയ കൃഷ്ണ മണ്ഡല്‍ എന്ന യുവതിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇന്ത്യക്കാരനായ യുവാവിനെ കാണാന്‍ വേണ്ടിയാണ് 22 കാരിയായ യുവതി ബംഗ്ലാദേശില്‍ നിന്നും നീന്തിയെത്തിയത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഒരു മണിക്കൂറോളം നീന്തി സുന്ദര്‍ബാന്‍ കാടുകള്‍ കടന്നാണ് ഇവര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച യുവതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബാനിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചതെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് നദിയില്‍ ഒരു മണിക്കൂറോളം നീന്തി ലക്ഷ്യസ്ഥാനത്തെത്തി.

എന്നാല്‍ കൃഷ്ണ വന്നത് വെറുതെയായില്ല. മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വെച്ച്‌ കൃഷ്ണയും കാമുകന്‍ അഭിക്കും വിവാഹിതരായി. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

 
Previous Post Next Post