ഇന്തോനീഷ്യയില്‍ നിന്നുള്ള തീര്‍ഥാടകരായിരുന്നു ഇന്നലെ മദീനയില്‍ എത്തിയ ആദ്യ സംഘം. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 358 പേരാണ് ഉണ്ടായിരുന്നത്. ഹജ്ജ് ഉംറ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബിജാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സംഘം തീര്‍ഥാടകരെ സ്വീകരിക്കാനെത്തി. കൊടും ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാനീയങ്ങളും ഈത്തപ്പഴങ്ങളും മധുരവും സമ്മാനങ്ങളും നല്‍കി അവര്‍ ഹാജിമാരെ സ്വീകരിച്ചു. കോണ്‍സുലേറ്റും ജവാസാത്തും സംയുക്തമായും വിമാനത്താവള അതോറിറ്റി പ്രത്യേകമായും ഹാജിമാര്‍ക്ക് സ്വീകരണമൊരുക്കി. ചൂട് കൂടിയ സാഹചര്യത്തില്‍ ഹാജിമാര്‍ക്ക് നിര്‍ജലീകരണം തടയാനുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കി.
അതിനിടെ, ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ക്കായി അംഗീകരിച്ച 10 കോവിഡ് വാക്സിനുകളുടെ പട്ടിക സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഫൈസര്‍-ബയോന്‍ടെക്, മോഡേണ, ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനിക്ക, ജാന്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കോവാക്സിന്‍, സ്പുട്നിക് എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരമുള്ളത്. ഇതില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനിയുടെ ജാന്‍സന്‍ വാക്സിന്‍ ഒരു ഡോസും മറ്റു വാക്സിനുകള്‍ രണ്ടു ഡോസുമാണ് സ്വീകരിക്കേണ്ടത്. 65 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതിയുള്ളൂ. വാക്‌സിന്‍ പൂര്‍ണമായി എടുത്തവരാണെങ്കിലും സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനിടയില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൂടെ കരുതണമെന്ന് ഹാജിമാര്‍ക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങളില്‍ അധികൃതര്‍ വ്യക്തമാക്കി.
ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ സ്വന്തം രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുമ്പ് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മക്ക റൂട്ട് പദ്ധതി ഈ വര്‍ഷം അഞ്ച് രാജ്യങ്ങളില്‍ നടപ്പിലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പാകിസ്താന്‍, മലേഷ്യ, ഇന്തോനീഷ്യ, മൊറോക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഇത്തവണ പദ്ധതി നടപ്പിലാക്കിയത്. 2019ലായിരുന്നു ഹാജിമാര്‍ക്ക് ഏറെ സൗകര്യപ്രദമാവുന്ന പദ്ധതിക്ക് സൗദി അധികൃതര്‍ തുടക്കം കുറിച്ചത്. ഈ പദ്ധതിക്കു കീഴില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുക. സ്വന്തം രാജ്യത്തെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പാസ്‌പോര്‍ട്ട് പരിശോധനയും ആരോഗ്യ പരിശോധനകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തായാക്കാനാവും. ഇവരുടെ ലഗേജ് സൗദിയിലെ താമസ സ്ഥലങ്ങളില്‍ നേരിട്ട് എത്തിക്കാനും സംവിധാനം ഒരുക്കും. ഇവര്‍ സൗദിയില്‍ എത്തിയാല്‍ ഇമിഗ്രേഷന്‍ നടപടികള്‍ ഒന്നുമില്ലാതെ തന്നെ നേരിട്ട് താമസ ഇടങ്ങളിലേക്കുള്ള ബസ്സിലേക്ക് പ്രത്യേക വഴിയിലൂടെ പോകാനാവും. ലഗേജുകള്‍ അധികൃതര്‍ മുറികളിലെത്തിക്കുകയാണ് ചെയ്യുക.