കുവൈറ്റില്‍ പ്രവാസികളെ കൊണ്ട് ലോക്കപ്പുകളും ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രവും നിറഞ്ഞു; പൊറുതിമുട്ടി അധികൃതര്‍


 കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ കേസുകളില്‍ അറസ്റ്റിലായ പ്രവാസികളെ കൊണ്ട് നിറഞ്ഞ് രാജ്യത്തെ പോലിസ് സ്‌റ്റേഷനുകളും ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രവും. നാടുകടത്തല്‍ കേന്ദ്രത്തില്‍ നിയമ നടപടികള്‍ കാത്ത് കഴിയുന്ന പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചത് അധികൃതര്‍ക്ക് തലവേദനയായി. രാജ്യത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള സുരക്ഷാ ഏജന്‍സികളുടെ പരിശോധനകള്‍ ശക്തമാക്കുകയും കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെയാണ് ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടത്. ഇവിടങ്ങളിലെ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് വിസ നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായവരാണ് ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. നിയമപ്രകാരമുള്ള സ്‌പോണ്‍സറുടെ കീഴിലല്ലാതെ സ്വന്തം നിലയ്ക്കും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളാണ് പിടിക്കപ്പെട്ടവരില്‍ ഏറെയും. ഈ രീതിയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയും കണ്ടെത്താന്‍ ആഭ്യന്തരമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ നവാഫിന്റെ നിര്‍ദേശപ്രകാരം പോലീസ് സുരക്ഷാ കാമ്പയിന്‍ ശക്തമാക്കിയിരുന്നു. രാജ്യത്ത് അനധികൃത താമസക്കാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായാണ് താമസകാര്യ വകുപ്പിന്റെ കണക്കുകള്‍. ഇതേതുടര്‍ന്നാണ് രാജ്യവ്യാപകമായി പരിശോധനകള്‍ കര്‍ക്കശമാക്കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ റെയ്ഡുകളില്‍ താമസരേഖകള്‍ ഇല്ലാത്തവരെയും നിരവധി കുറ്റവാളികളെയും പിടികൂടിയിരുന്നു. ഇവരെയെല്ലാം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ഡീപ്പോര്‍ട്ടേഷന് കൈമാറിയിരിക്കുകയാണ്.

Previous Post Next Post