'നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: നീന്തൽ പഠിച്ചവർക്ക് പ്ലസ് വണ്ണിന് ബോണസ് മാർക്ക് കിട്ടുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് സർ‌ക്കാർ തീരുമാനമെടുത്തിട്ടില്ല. സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ല. ഈ വർഷത്തെ ബോണസ് പോയിന്റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണ്. നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലിൽ 16 കാരനും പിതാവും മുങ്ങിമരിച്ച സംഭവം ദൗർഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിൻ്റ് ലഭിക്കാനായി മലബാറിൽ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നീന്തൽ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. ഏകദേശം കാൽലക്ഷത്തോളം വരുന്ന വിദ്യാർഥികൾ ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. കണ്ണൂരിലെ ചക്കരക്കല്ലിൽ 16 കാരനും പിതാവും നീന്തൽ പരിശീലനത്തിനിടെ മുങ്ങിമരിക്കുകയായിരുന്നു.

ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി പി ഷാജി (50), മകൻ ജോതിരാദിത്യ (16) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള കുളത്തിൽ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം മലപ്പുറത്ത് നീന്തൽ സർട്ടിഫിക്കറ്റിനുള്ള പ്രാവീണ്യ പരിശോധനയ്ക്കിടെ സംഘർഷാവസ്ഥ ഉണ്ടാകുകയും പരിശോധന താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.

Previous Post Next Post