തിരുവനന്തപുരം∙ ‘മൈക്കേ.. ക്ഷോഭിക്കല്ലേ..
ഞാനിപ്പോൾ നിർത്തിയേക്കാം..’ പ്രസംഗത്തിനിടെ ഉച്ചത്തിൽ ഹൗൾ ചെയ്ത മൈക്കിനെ നോക്കി ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം.
‘ഞാൻ പ്രസംഗം പെട്ടന്നു നിർത്തിയേക്കാം. അതുവരെ ഒരു ക്ഷമിച്ചു തരാമോ..?’ ‘ഒച്ചവെയ്പ്പ്’ നിർത്താൻ ഭാവമില്ലാത്ത മൈക്കിനെ നോക്കി അടൂരിന്റെ അഭ്യർഥന.
ഈ ഡയലോഗ് സദസ്സിനും ആസ്വാദനമായി.
മുകളിലേക്കും താഴേയ്ക്കും തിരിച്ചും മറിച്ചും നീക്കിവച്ചിട്ടും ഹൗളിങ് നിൽക്കുന്നില്ല. അപ്പോഴേക്കും ഓപ്പറേറ്റർ ഓടിയെത്തി. മൈക്ക് കുറച്ച് കൂടി അടൂരിന്റെ മുഖത്തേക്ക് അടുപ്പിച്ചു വച്ചു. അതു വേണ്ട, കുറച്ചു ദൂരെ വയ്ക്കുന്നതാണ് സൗകര്യമെന്ന് അടൂർ. അപ്രകാരം ചെയ്ത് മടങ്ങാൻ തുടങ്ങിയ ഓപ്പറേറ്ററോട് അടൂർ ഇങ്ങനെ പറഞ്ഞു: ‘എന്റെ പ്രശ്നമല്ല, കുഴപ്പം മൈക്കിന്റെയാണ്. താങ്കൾക്ക് എന്നോടു പരിഭവമില്ലല്ലോ..!’
ബഹുഭാഷാപണ്ഡിതനും തുളസീദാസ രാമായണ തർജമയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനുമായ പ്രഫ. സി.ജി.രാജഗോപാലിനെ അദ്ദേഹത്തിന്റെ നവതിയോടനുബന്ധിച്ച് ആദരിക്കാൻ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കാണികളെ ചിരിപ്പിച്ച അടൂർ ഡയലോഗുകൾ പിറന്നത്.
മൈക്കു ശരിയാകാതെ വന്നപ്പോൾ തന്റെ ശബ്ദത്തിന്റെ കുറവാണോ കുഴപ്പത്തിന് കാരണമെന്ന് അടൂർ സംശയിച്ചു. അങ്ങനെയാണെങ്കിൽ താൻ കുറച്ചുകൂടി ഉച്ചത്തിൽ സംസാരിക്കാമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് ശബ്ദം ഉയർത്തി സംസാരിക്കാൻ തുടങ്ങി. അപ്പോഴും ഓപ്പറേറ്റർ പിന്നേയും ഓടിയെത്തി അറിയിച്ചു. ‘സാർ സാധാരണ ശബ്ദത്തിൽ പറഞ്ഞാൽ മതി. വോള്യം ഞങ്ങളുടെ സിസ്റ്റത്തിൽ കൂട്ടിയേക്കാം..’ കൃതജ്ഞതാപൂർവം ഒരു പുഞ്ചിരിയായിരുന്നു അടൂരിന്റെ മറുപടി.
‘ഇനി തുടരാമല്ലോ.. പെട്ടന്നു നിർത്തിയേക്കാം’ –മൈക്കിന്റെ തുമ്പത്തു തൊട്ട് അടൂർ പറഞ്ഞു. പ്രഫ. സി.ജി. രാജഗോപാലിനെക്കുറിച്ചും അദ്ദേഹം അര നൂറ്റാണ്ട് മുൻപു കഥകളിയുടെ പ്രോത്സാഹനത്തിനു വേണ്ടി തിരുവനന്തപുരത്ത് സ്ഥാപിച്ച ‘ദൃശ്യവേദി’ എന്ന സംഘടനയെക്കുറിച്ചുമാണ് അടൂർ പ്രസംഗിച്ചത്. പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ മൈക്കിനു കൊടുത്ത ‘വാഗ്ദാനം’ മറന്നു. കഥകളിയെപ്പറ്റിയും കൂടിയാട്ടത്തെപ്പറ്റിയും ദീർഘമായി സംസാരിച്ചതിനു ശേഷമാണ് അദ്ദേഹം പ്രസംഗം നിർത്തിയത്. അതുവരെ അനുസരണയോടെ മൈക്കും പ്രസംഗം കേട്ടിരുന്നു.