ഇന്ത്യ : ജൂൺ 30 ന് ശേഷം ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാനുള്ള പിഴ തുക ഇരട്ടിയാകും. ഇവ ബന്ധിപ്പിക്കാത്ത നികുതിദായകര്‍ ജൂൺ 30 നു ശേഷം ഇരട്ടി പിഴ ഒടുക്കേണ്ടി വരും. 500 രൂപ പിഴ നല്‍കി 2022 ജൂണ്‍ 30 വരെ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാം. അതിനു ശേഷം പിഴത്തുക 1000 ആകും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, ജൂണ്‍ അവസാനത്തോടെ ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍, ഇവ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ പിഴ അടയ്ക്കേണ്ടി വരും. പിഴ അടച്ചതിന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാം. ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ 2023 മാര്‍ച്ച് വരെ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനും റീഫണ്ടുകള്‍ ക്ലെയിം ചെയ്യുന്നതിനും മറ്റ് ഐ-ടി നടപടിക്രമങ്ങള്‍ക്കുമായി ഒരു വര്‍ഷത്തേക്ക് കൂടി ഉപയോഗിക്കാനാകും.
2023 മാര്‍ച്ച് 31നുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പാൻ പ്രവർ്തതന രഹിതമായാൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുക, ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കാതാകും.
പിഴയും മറ്റ് നഷ്ടങ്ങളും
മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്കുകള്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍, ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 272 ബി പ്രകാരം, അസ്സെസിംഗ് ഓഫീസര്‍ക്ക് അത്തരം വ്യക്തികളില്‍ നിന്ന് പതിനായിരം രൂപ ഈടാക്കാം. ആദായ നികുതി നിയമ പ്രകാരം 2017 ജൂലായ് 1 മുതലാണ് പാന്‍ നിര്‍ബന്ധമാക്കിയത്.
പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?
1. ഇന്‍കം ടാക്‌സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ www.incometax.gov.in ലോഗിന്‍ ചെയ്യുക.
2. Quick Links വിഭാഗത്തിന് താഴെയുള്ള ലിങ്ക് ആധാര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
3. നിങ്ങളുടെ പാന്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക
4. I validate my Aadhaar Details എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് continue ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും. അത് നല്‍കി validate എന്ന് ക്ലിക്ക് ചെയ്യുക. പിഴ അടച്ച ശേഷം പാനും ആധാറും ലിങ്ക് ചെയ്യും.