തിരുവനന്തപുരം : പട്ടാപ്പകൽ റോഡരികിൽ നിന്നു പരസ്യമായി 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയറെ വിജിലൻസ് പിടികൂടി. വിളപ്പിൽ പഞ്ചായത്തിലെ ഗ്രേഡ് –2 ഓവർസീയർ നെയ്യാറ്റിൻകര സ്വദേശി എസ്.എ.ശ്രീലതയെ ആണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് സ്വദേശി അൻസാർ തന്റെ രണ്ടു നില കെട്ടിടത്തിന്റെ മുകളിലായി മൂന്നാമത്തെ നില പണിയുന്നതിനായി വിളപ്പിൽ പഞ്ചായത്തിൽ കഴിഞ്ഞ മാസം അപേക്ഷ നൽകിയിരുന്നു.
ഓവർസീയർ ശ്രീലതയാണു പരിശോധനയ്ക്ക് എത്തിയത്. കെട്ടിടത്തോടു ചേർന്ന് ഷീറ്റ് പാകിയിട്ടുള്ളതിനാൽ പെർമിറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്നും 10,000 രൂപ നൽകിയാൽ അനുകൂലമായി റിപ്പോർട്ട് തയാറാക്കാമെന്നും അവർ അൻസാറിനെ അറിയിച്ചു. അദ്ദേഹം 1000 രൂപ നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന് അറിയിച്ചു.
പിന്നീട് ഇത് വിജിലൻസിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് 4.30നു സ്ഥല പരിശോധന കഴിഞ്ഞു മടങ്ങുന്നതിനിടെയാണു പിടിയിലായത്. പേയാട് ജംക്‌ഷനിൽ വിളപ്പിൽ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഒരു സ്വകാര്യ കടയുടെ മുന്നിൽ വച്ച് അൻസാറിൽ നിന്നു ബാക്കി തുക വാങ്ങുന്നതിനിടെയാണു സ്ഥലത്ത് ഉണ്ടായിരുന്ന വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.
എസ് പി വി.അജയകുമാർ, ഡിവൈഎസ്പി ടി.അനിൽകുമാർ, ഇൻസ്പെക്ടർമാരായ മുഹമ്മദ് റിജാസ്, അനൂപ് ആർ.ചന്ദ്രൻ, ബി.രാജീവ്, എസ്ഐ മോഹന കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അശോക് കുമാർ, അബ്ദുൽ ഷഫീദ്, സുമന്ത് മഹേഷ്, സജി മോഹൻ, സതീഷ്, രതീഷ്, രാം കുമാർ, ഇന്ദുലേഖ, ആശ മിലൻ, സനൂജ, പ്രീത, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.