മുംബൈ: മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുള്‍പ്പടെ 15 വിമത എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന ശിവസേനയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഇക്കാര്യം അയോഗ്യതാ ഹര്‍ജിക്കൊപ്പം 11ന് പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
അയോഗ്യരാക്കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പുതിയ മുഖ്യമന്ത്രി ഷിന്‍ഡെയെയും മറ്റ് 15 എംഎല്‍എമാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള അയോഗ്യത നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അയോഗ്യത നടപടികിളില്‍ അന്തിമതീരുമാനം വരുംവരെ 16 എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്നും സഭാ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമായിരുന്നു സുനില്‍ പ്രഭുവിന്റെ ഹര്‍ജിയിലെ ആവശ്യം.