തിരുവനന്തപുരം; യൂട്യൂബ് നോക്കി മുന്തിരി വൈനുണ്ടാക്കിക്കൊണ്ടുവന്ന് 12കാരൻ സ്കൂളിൽ വിളമ്പി. ദ്രാവകം കഴിച്ച് അവശ നിലയിലായ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച രാവിലെ സംഭവമുണ്ടായത്.
വീട്ടുകാർ വാങ്ങി നൽകിയ മുന്തിര ഉപയോഗിച്ചാണ് 12കാരൻ യൂട്യൂബ് നോക്കി വൈനുണ്ടാക്കിയത്. ഇത് സ്കൂളിൽ കൊണ്ടുവന്ന് കൂട്ടുകാർക്ക് നൽകുകയായിരുന്നു. എന്നാൽ ഇത് ഉള്ളിൽചെന്ന് ഒരു വിദ്യാർത്ഥി ഛര്‍ദിച്ച് അവശനിലയിലായി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പൊലീസ് സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോടു വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാര്‍ഥിയുടെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നല്‍കിയതായും ചിറയിന്‍കീഴ് എസ്എച്ച്ഒ ജിബിമുകേഷ് പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതരും പറഞ്ഞു. അതിനിടെ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. രക്ഷിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.