ബംഗാള്‍ മന്ത്രി പാര്‍ത്ഥയുടെ സഹായി അര്‍പിതയുടെ വീട്ടില്‍ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു





ന്യൂഡൽഹി: അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കൊപ്പം അറസ്റ്റിലായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു. ഇഡി നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. നേരത്തെ 20 കോടിയോളം രൂപ കണ്ടെടുത്തിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിതയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഡി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയിലും റെയ്ഡ് നടത്തുകയും ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പണം ഒരു മുറിയില്‍ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാര്‍ത്ഥ ചാറ്റര്‍ജിയും അദ്ദേഹത്തിന്‍റെ ആളുകളും മാത്രമാണ് ആ മുറിയില്‍ പ്രവേശിച്ചിരുന്നതെന്നും അര്‍പ്പിത പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്ബോഴോ മന്ത്രി തന്‍റെ വീട്ടില്‍ വരുമായിരുന്നു. തന്‍റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാര്‍ത്ഥ ചാറ്റര്‍ജി ഉപയോ​ഗിച്ചത്. ആ സ്ത്രീയും പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്താണെന്നും അര്‍പിത മുഖര്‍ജി അന്വേഷണ ഉദ്യോ​ഗസ്ഥര്‍ക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

മുറിയില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. ബം​ഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റര്‍ജിയെ പരിചയപ്പെടുത്തിയത്. 2016 മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അര്‍പ്പിത പറഞ്ഞു. പാര്‍ത്ഥ ചാറ്റര്‍‌ജിയെ ഓ​ഗസ്റ്റ് മൂന്ന് വരെ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


Previous Post Next Post