അടിവസ്ത്ര വിവാദം, മന്ത്രി പ്രതിയായ കേസിൽ ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചു, ഇടപെടൽ 16 വർഷമായി അനക്കമില്ലാതിരുന്ന കേസിൽ








തിരുവനന്തപുരം
: മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാൻ മന്ത്രി ആന്‍റണി രാജു തൊണ്ടി മുതൽ നശിപ്പിച്ച കേസിന്‍റെ ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചു. 

16 വ‍ർഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നെടുമങ്ങാട് കോടതിയിൽ നിന്നും ഫയലുകൾ വിളിപ്പിച്ചത്. 

അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂവിനെ രക്ഷിക്കാനാണ് തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്‍റണി രാജു ഇടപെട്ട് വെട്ടിച്ചെറുതാക്കിയത്. 2006 ൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഇതേവരെ വിചാരണ തുടങ്ങിയിട്ടില്ലെന്ന കാര്യം പുറത്തുവന്നിരുന്നു.

 നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് 22 പ്രാവശ്യം പരിഗണിച്ചിരുന്നവെങ്കിലും വിചാരണയിലേക്ക് കടന്നില്ല. ഇതേ തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് പ്രത്യേക ദൂതൻ മുഖേന ഫയലുകള്‍ സിജെഎം വിളിപ്പിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം റിപ്പോർട്ട് നൽകാനാണ് സിജെഎം നടപടിയെന്നാണ് സൂചന. 

അതേസമയം മയക്കമരുന്ന് കേസിന്‍റെ വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ആരംഭിക്കുന്ന് മുമ്പേ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ രക്ഷിക്കാൻ നീക്കം നടത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

പൂന്തുറ സിഐയായിരുന്ന ജയമോഹനാണ് മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 1990ൽ സെഷൻസ് കോടതിയിൽ വിചാരണ നടക്കവേ വിദേശിക്ക് വേണ്ടി ഹാജരായത് ഹൈക്കോടതിലെ മുതിർന്ന അഭിഭാഷകനായ കുഞ്ഞിരാമമേനോനാണ്.

 തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയ്ക്ക് ചേരുമോയെന്ന് അഭിഭാഷകൻ വിചാരണ വേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹനോട് ചോദിച്ചു. കോടതിയിൽ ഇത് പരിശോധിക്കാമെന്ന് ജയമോഹൻ പറഞ്ഞ് സെഷൻസ് കോടതി രേഖപ്പെടുത്തി. 

പക്ഷെ തൊണ്ടിമുതൽ സെഷൻസ് കോടതിയിൽ പരിശോധിക്കണമെന്ന് പ്രതിഭാഗം അന്ന് ആവശ്യപ്പെട്ടില്ല. ശിക്ഷപ്പെടുകയാണെങ്കിൽ അപ്പീൽ പോകാനുള്ള പഴുതിന് വേണ്ടിയായിരുന്നു നീക്കം. 10 വർഷം ആൻഡ്രിവിനെ സെഷൻസ് കോടതി ശിക്ഷിച്ചപ്പോള്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതിയിൽ തൊണ്ടിമുതൽ വ്യാജമെന്ന ആക്ഷേപം പ്രതിഭാഗം ഉന്നയിച്ചു. സർക്കാർ അഭിഭാഷകനെ ഇതിനെ ശക്തമായ ചോദ്യം ചെയ്തതുമില്ല. അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണവും തേടിയില്ല. അങ്ങനെ രാജ്യാന്തര കുറ്റവാളിയായ ഓസ്ട്രേലിയൻ പൗരൻ കേസിൽ നിന്നും രക്ഷപ്പെട്ടു. 
Previous Post Next Post