സ്പോർട്സ് സാമഗ്രികൾ വിൽക്കുന്ന കടയുടെ ട്രയൽ റൂമിൽ ഒളിക്യാമറ: 16 കാരിയുടെ പരാതിയിൽ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ








കാസര്‍കോട്
: കാസര്‍കോട് ബന്തിയോട് സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒളിക്യാമറ വച്ച ജീവനക്കാരനായ യുവാവ് പിടിയില്‍. പതിനാറ് വയസുകാരിയുടെ പരാതിയില്‍ കുമ്പള പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബന്തിയോട്ട് സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന ചാമ്ബ്യന്‍സ് സ്‌പോര്‍ട്‌സിന്റെ ട്രയല്‍ റൂമിലാണ് മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. കടയിലെ ജീവനക്കാരന്‍ ബന്തിയോട് സ്വദേശി അഷ്‌റഫാണ് അറസ്റ്റിലായത്.

ഇയാളാണ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ ത്രോബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ജേഴ്‌സി വാങ്ങുന്നതിനായി കഴിഞ്ഞ വൈകിട്ടാണ് സഹോദരനൊപ്പം 16 വയസുകാരി കടയില്‍ എത്തിയത്. ജേഴ്സി തെരഞ്ഞെടുത്ത് ട്രയല്‍ റൂമില്‍ എത്തിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പെണ്‍കുട്ടി സഹോദരനെ വിവരമറിയിക്കുകയും മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് ഇത്തരം പ്രവര്‍ത്തിയില്‍ ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Previous Post Next Post