റോഡുകളും കാറുകളുമില്ല; 170 കിലോമീറ്റര്‍ നീളത്തില്‍ കെട്ടിടങ്ങള്‍- നിയോം സിറ്റി ഡിസൈന്‍ പുറത്തുവിട്ട് സൗദി കിരീടാവകാശി


റിയാദ്: സൗദിയുടെ ചെങ്കടല്‍ തീരത്തും കടലിലുമായി നിര്‍മിക്കപ്പെടുന്ന ഹൈടെക് നഗരമായ നിയോം സിറ്റിയിലെ ദി ലൈന്‍ പദ്ധതിയുടെ ഡിസൈന്‍ പുറത്തുവിട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. റോഡുകളും കാറുകളുമില്ലാത്ത, പ്രകൃതിയെ വല്ലാതെ നോവിക്കാതെ നിര്‍മിക്കുന്ന അത്യാഢംബര നഗരം ഭാവിയില്‍ നഗര സംസ്‌ക്കാരത്തിന്റെ മുഖചിത്രം തന്നെ മാറ്റിമറിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ഹൈടെക്ക് നഗരം എങ്ങനെ ആയിരിക്കണം എന്നതിന്റെ നേര്‍ചിത്രമായി നിയോം സിറ്റി മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും ടെക്‌നോളജി സ്ഥാപനങ്ങളും ഇവിടെ ചേക്കേറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വന്‍ വിദേശ നിക്ഷേപമാണ് നിയോം സിറ്റിയിലേക്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

50,000 കോടി മുതല്‍മുടക്കില്‍ നിര്‍മാണം തുടരുന്ന പദ്ധതിയുടെ ആദ്യ ഘട്ടം 2024ഓടെ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഭാഗികമായി ചെങ്കടലില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ നിര്‍മിക്കുന്ന കാര്‍ബണ്‍ രഹിത നഗരത്തിന് 200 മീറ്റര്‍ വീതിയും 170 കിലോമീറ്റര്‍ നീളവുമാണുണ്ടാവുക. സൗദി കിരീടാവകാശിയുടെ സ്വപ്ന പദ്ധതിയായ നിയോം സിറ്റി പ്രൊജക്ട് വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്കിലാണ് ഉയര്‍ന്നുവരുന്നത്. രാജ്യത്തെ എണ്ണയിതര സാമ്പത്തിക ശക്തിയായി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 2017ലാണ് നിയോം സിറ്റി പദ്ധതിക്ക് സൗദിയില്‍ തുടക്കമാവുന്നത്.

നിയോം സിറ്റി പ്രൊജക്ടിന്റെ ഭാഗമായുള്ള ഏറ്റവും പ്രധാന പദ്ധതിയാണ് ദി ലൈന്‍. ഇതിന്റെ രൂപരേഖയും വിശദാംശങ്ങളുമാണ് സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ലോകത്ത് മറ്റെവിടെയും ഇല്ലാത്ത ഡിസൈനിലാണ് ദി ലൈന്‍ ഒരുക്കിന്നത്. സൗദിയിലെ അഖബ തീരത്ത് കരയിലും കടലിലുമായി 170 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കപ്പെടുന്ന നഗരം പൂര്‍ണമായും ഹരിതോര്‍ജ്ജത്തിലാവും പ്രവര്‍ത്തിക്കുക. ജൈവ വൈവിധ്യവും പാരിസ്ഥിതിക പ്രത്യേകത ഏറെയുള്ള മേഖലയാണ് നിയോം സിറ്റി നിര്‍മിക്കപ്പെടുന്ന പ്രദേശം എന്നതിനാല്‍ പ്രകൃതിക്ക് വലിയ നാശം വരാതിരിക്കാന്‍ 200 മീറ്റര്‍ വീതിയില്‍ മാത്രമാണ് നഗരം ഒരുക്കുക.

നഗരത്തിന്റെ ഒരറ്റത്ത് നിന്നും രണ്ടാം അറ്റത്ത് 20 മിനിറ്റു കൊണ്ടെത്താന്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുണ്ടാകും. നഗരത്തിനകത്തെ വാഹനങ്ങളെല്ലാം പുനരുപയോഗ ഊര്‍ജമുപയോഗിച്ചാണ്. സോളാറും കാറ്റാടി വൈദ്യുതിയും മാത്രം ഉപയോഗിക്കുന്ന കാര്‍ബണ്‍ രഹിത നഗരമാണ് ദി ലൈന്‍. 200 മീറ്റര്‍ വീതിയുള്ള നഗരത്തിന് രണ്ടു വശവും ഗ്ലാസുകളുണ്ടാകും. താമസിക്കുന്ന ഇടത്തു നിന്ന് അഞ്ച് മിനുട്ട് മാത്രം അകലത്തില്‍ ആവശ്യമായതെല്ലാം ലഭ്യമാവുന്ന രീതിയില്‍ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. എല്ലാ സമയത്തും ആസ്വാദ്യകരമായ കാലാവസ്ഥയാവും നിയോം സിറ്റിയുടെ മറ്റൊരു സവിശേഷത.

50,000 കോടി ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിക്കായി കണക്കാക്കപ്പെടുന്നത്. ഇതില്‍ 20,000 കോടി സൗദി ഭരണകൂടത്തിനു കീഴിലുള്ള സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നേരിട്ടു മുടക്കും. ബാക്കി നിക്ഷേപത്തിലൂടെ കണ്ടെത്തും. 2030ഓടെ 3.8 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2030ഓാടെ നിയോമിലെ ജനസംഖ്യ 12 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2045ഓടെ ഇത് 90 ലക്ഷമായി മാറുമെന്നും സൗദി കിരീടാവകാശി അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍, ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കും. ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് നിയോം സിറ്റി ഒരുങ്ങുന്നത്.

Previous Post Next Post