17കാരി ഒളിച്ചോടാൻ രാത്രി പാർക്കിൽ എത്തി; കാമുകൻ വന്നില്ല; പീഡിപ്പിച്ച് പൊലീസുകാരൻ

 




ബം​ഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. രാത്രി, പാർക്കിൽ ഒറ്റയ്ക്കായ 17കാരിയെ പട്രോളിങിനിറങ്ങിയ പൊലീസുകാരനാണ് പീഡനത്തിന് ഇരയാക്കിയത്. ബം​ഗളൂരുവിലാണ് സംഭവം. 

ഗോവിന്ദരാജ നഗര്‍ പൊലീസ് സ്‌റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിൾ പവൻ ദ്യാവണ്ണനവർ (24) ആണ് പിടിയിലായത്. ജൂലൈ 27 നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ചാമരാജനഗർ സ്വദേശിയായ 17കാരിയാണ് പീഡനത്തിന് ഇരയായത്. 

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗർ സ്വദേശിയായ ആൺകുട്ടിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജൂലൈ 27 ന് കാമുകനുമൊത്ത് ഒളിച്ചോടാമെന്ന ധാരണയിൽ പെൺകുട്ടി ബംഗളൂരുവിലെ വിജയ്‌നഗറിലുള്ള പാർക്കിലെത്തുകയായിരുന്നു. 

എന്നാൽ കാമുകൻ പാർക്കിൽ എത്തിയില്ല. പെൺകുട്ടിയുടെ സന്ദേശങ്ങൾക്കോ, ഫോൺ വിളികൾക്കോ മറുപടിയുമുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോൺ സിച്ച് ഓഫ് ആകുകയും ചെയ്തു. പെൺകുട്ടിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെൺകുട്ടി പാർക്കിൽ ഒറ്റപ്പെട്ടു പോകുകയും ചെയ്‌തു. 

ഡൂട്ടിയിലുണ്ടായിരുന്ന പവൻ പാർക്കിൽ ഒറ്റയ്ക്കായ പെൺകുട്ടിയെ കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. കാമുകനെ കണ്ടെത്താൻ സഹായിക്കാമെന്നും പെൺകുട്ടിക്ക് വാക്ക് നൽകുകയും ചെയ്തു. 

തുടർന്ന് വിജയനഗറിലെ തന്റെ വാടക വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേദിവസം 500 രൂപ നൽകി പെൺകുട്ടിയെ മെജസ്റ്റിക് ബസ് ടെർമിനലിൽ കൊണ്ടുവിട്ടു. ബംഗളൂരുവിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടി വീട്ടിൽ പോകാതെ കാമുകന്റെ വീട്ടിലേക്കാണ് പോയത്. 

കാമുകന്റെ പിതാവിനോട് മകനുമായി പ്രണയത്തിലാണെന്നും വീടുവിട്ട് ഇറങ്ങിയെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു . മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ അതിനിടെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. വനിതാ പൊലീസെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 

വൈകാതെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പവനെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷമാണ് പ്രതി പൊലീസ് സേനയിൽ ചേർന്നത്. പീഡനക്കേസിൽ പിടിയിലായതോടെ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെ‌യ്‌തു. 


Previous Post Next Post