ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്. അടുത്തവർഷത്തിനുള്ളിൽ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചിച്ചിരിക്കുന്നത്.
ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച യുഎൻ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ലോകജനസംഖ്യയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കരുതുന്നത്. റിപ്പോർട്ട് അനുസരിച്ച് 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ എട്ട് ബില്യൺ ആകും. യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്‌സ്, പോപ്പുലേഷൻ ഡിവിഷൻ, ദി വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്‌സ് 2022 എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
1950ന് ശേഷമുള്ള ആഗോള ജനസംഖ്യ ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്നു. 2020 ൽ ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ അനുസരിച്ച് ലോകജനസംഖ്യ 2030ൽ 8.5 ബില്യണിലേക്കും 2050ൽ 9.7 ബില്യണിലേക്കും വളരും. 2080-കളിൽ ഇത് ഏകദേശം 10.4 ബില്യൺ ആളുകളിൽ എത്തുമെന്നും 2100 വരെ ആ നിലയിൽ തുടരുമെന്നും പ്രതീക്ഷിക്കുന്നു.