തമിഴ്നാട് കള്ളക്കുറിച്ചിൽ 250 പേർ അറസ്റ്റിൽ; സംഘർഷ സാധ്യത, പ്രദേശത്ത് നിരോധനാജ്ഞ


ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിമ്പിന്നാലെ നടന്ന കലാപത്തിൽ പങ്കെടുത്ത് 250 പേർ അറസ്റ്റിൽ. വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രിൻസിപ്പലിനെയുമാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കള്ളക്കുറിച്ചിയിൽ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കള്ളക്കുറിച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

കള്ളക്കുറിച്ചി ചിന്നസേലം കനിയമൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ശക്തി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥിനി മരിച്ചതാണ് കലാപ സമാന അന്തരീക്ഷത്തിന് ഇടയാക്കിയത്. സ്കൂളിലെ ബസുകളും പോലീസ് വാഹനങ്ങളും ജനക്കൂട്ടം അഗ്നിക്കിരയാക്കി. ഞായറാഴ്ച രാവിലെ മുതലാണ് പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായത്. സ്കൂളിലെ അധ്യാപകർ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുള്ള വിദ്യാർത്ഥികൾക്കു മുന്നിൽ വെച്ച് അവഹേളിച്ചെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. തന്റെ ട്യൂഷൻ ഫീസ് മാതാപിതാക്കൾക്ക് തിരികെ നൽകണമെന്നും കത്തിൽ പറയുന്നുണ്ട്.

മുപ്പതിലേറെ സ്കൂൾ വാഹനങ്ങൾ കത്തിച്ച പ്രതിഷേധക്കാർ സ്കൂൾ അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് പോലീസ് ആകാശത്തേക്കു മൂന്നു റൗണ്ട് വെടിവച്ചു. മരണത്തിനു മുൻപു പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സ്കൂളിലേക്കു പ്രകടനമായെത്തിയ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തള്ളിനീക്കി വളപ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഒരു പോലീസ് ബസും പ്രതിഷേധക്കാർ കത്തിച്ചിരുന്നു. കല്ലേറിൽ മുപ്പതോളം പോലീസുകാർക്കും പരിക്കുണ്ട്. 

Previous Post Next Post