മലപ്പുറം: മലപ്പുറത്തെ പള്ളിദര്‍സില്‍ 11വയസുകാരൻ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഇന്നു പുലര്‍ച്ചെയാണ് 26 കുട്ടികള്‍ കിടന്നുറങ്ങുന്ന ഹാളില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടി സ്വദേശി ഒറുവില്‍ ജംഷീറിന്റെ മകന്‍ മൊയ്തീന്‍ സ്വാലിഹ് (11) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും തങ്ങള്‍ക്കു നീതി ലഭിക്കണമെന്നും സ്വാലഹിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഇരട്ടസഹോദരനോടൊപ്പം മാതാവ് സൈറബാനുവിന്റെ നാടായ തിരുനാവായ പട്ടര്‍നടക്കാവിലെ കൈതക്കര ജുമാമസ്ജിദിനോടനുബന്ധിച്ചുള്ള ഹിഫ്ളുല്‍ ഖുര്‍ആന്‍ ദര്‍സില്‍ പഠിക്കുകയായിരുന്നു കുട്ടി. പനി ബാധിച്ചതിനാല്‍ ഇരട്ടസഹോദരനായ ഹുസൈന്‍ സ്വാദിഖിനെ മാതൃവീട്ടില്‍ നിര്‍ത്തി മൊയ്തീന്‍ സ്വാലിഹിനെ മാത്രം ദര്‍സില്‍ കൊണ്ടു വിടുകയായിരുന്നു. 26 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു ഹാളിലാണ് കുട്ടി കിടന്നുറങ്ങിയത്. രാവിലെ സുബ്ഹി നമസ്‌ക്കാരത്തിന് എഴുന്നേറ്റപ്പോള്‍ സഹപാഠികളാണ് മൊയ്തീന്‍ സാലിഹ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തില്‍ മേല്‍ക്കൂരയിലെ കമ്പിയില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണു മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിന് മാറ്റിയത്. മരണ കാരണം അന്വേഷിച്ചു വരികയാണെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എഎം യാസിര്‍ പറഞ്ഞു. കല്പകഞ്ചേരി എസ്ഐ എഎം യാസിര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഹുസ്ന നസ്റിന്‍ ആണ് മരിച്ച മൊയ്തീന്‍ സ്വാലിഹിന്റെ സഹോദരി.