ഓട്ടോയിൽ യാത്ര ചെയ്തത് 27 പേർ; വാഹനം തടഞ്ഞ പോലീസ് അമ്പരപ്പിൽ, വീഡിയോ


ലഖ്നൗ: 27 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ തടഞ്ഞ് പോലീസ്. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് കുട്ടികളടക്കമുള്ളവരെ കുത്തിനിറച്ച് എത്തിയ ഓട്ടോറിക്ഷ തടഞ്ഞത്. അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ പോലീസ് തടയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പ്രായമായവരും കുട്ടികളുമടക്കം 27 യാത്രക്കാരുമായി എത്തിയ ഓട്ടോറിക്ഷ ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി പ്രദേശത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞത്. നിർദേശം നൽകിയിട്ടും നിർത്താതെ പോയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെ പോലീസ് എത്തുകയും വാഹനം തടയുകയുമായിരുന്നു. ഓട്ടോറിക്ഷയിലെ ആളുകളുടെ എണ്ണം മനസിലാക്കിയ പോലീസ് ആളുകളെ പുറത്തിറക്കി.

https://twitter.com/socialgreek1/status/1546199336186290176?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546199336186290176%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalam.samayam.com%2Flatest-news%2Findia-news%2Futtar-pradesh-police-stop-autorickshaw-find-27-passengers-inside%2Farticleshow%2F92802373.cms

ഓട്ടോയിൽ കൂടുതലായും കുട്ടികളാണ് ഉണ്ടായിരുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കുട്ടികളെ മടിയിൽ ഇരുത്തിയ നിലയിലായിരുന്നു. ഡ്രൈവർ സീറ്റിലും ലഗേജുകൾ കയറ്റുന്ന ഭാഗത്തും ആളുകളെ ആളുകൾ ഉണ്ടായിരുന്നു. ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷയിൽ 27 പേരുമായി യാത്ര ചെയ്ത സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

പോലീസ് ഓട്ടോറിക്ഷ തടഞ്ഞ സമയത്ത് സ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ ഓട്ടോയുടെ മുകളിൽ പൂന്തോട്ടം ഒരുക്കി സർവീസ് നടത്തിയ ഒരു ഓട്ടോറിക്ഷ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഉയർന്ന താപനിലയുള്ളതിനാൽ യാത്രക്കാർക്കും തനിക്കും ആശ്വാസം പകരുന്നതിനാണ് ഓട്ടോയുടെ മുകളിൽ പൂന്തോട്ടം ഒരുക്കിയതെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ മഹേന്ദ്ര കുമാർ വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത ഇനം ഔഷധസസ്യങ്ങളും പച്ചക്കറികളായ ചീര, തക്കാളി എന്നിവയുമാണ് ഇയാൾ ഓട്ടോയ്ക്ക് മുകളിൽ വളർത്തിയത്.

Previous Post Next Post