കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ എട്ടാംക്ലാസിലെ രണ്ട് പെണ്‍കുട്ടികള്‍ രണ്ട് ദിവസമായി വരുന്നില്ല. രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് പേരും ഈ രണ്ട് ദിവസവും സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്ന മറുപടിയാണ് അധ്യാപകർക്ക് ലഭിച്ചത്. ക്ലാസിൽ വരാതെ കുട്ടികള്‍ പിന്നെ എങ്ങോട്ട് പോകുന്നെന്ന ആശങ്കയില്‍ നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത ദിവസം തന്നെ കുട്ടികളെ കൈയോടെ പൊക്കി. കോഴിക്കോട്ടെ തന്നെ മറ്റൊരു സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് ഇരുവരും പോയത്.
ക്ലാസ് കട്ട് ചെയ്ത് ബീച്ചിലും പാര്‍ക്കിലും സിനിമയ്ക്കുമൊക്കെ പോവുന്ന കുട്ടികളുടെ കഥകൾ നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ എട്ടാം ക്ലാസുകാരികള്‍ പോയത് കോഴിക്കോട്ടെ തന്നെ മറ്റൊരു സ്‌കൂളിലെ ക്ലാസിലേക്കാണ്. അതിന് പിന്നിലെ കഥ ഇങ്ങനെ. രണ്ടു പേരില്‍ ഒരാള്‍ നേരത്തെ പഠിച്ചിരുന്ന സ്കൂളിലേക്കാണ് ഇവര്‍ രണ്ടുദിവസമായി പോയിക്കൊണ്ടിരിക്കുന്നത്. വീടുമാറിയപ്പോള്‍ ഒരു കുട്ടിക്ക് സ്‌കൂളും മാറേണ്ടി വരികയായിരുന്നു. സ്‌കൂള്‍ മാറാന്‍ താത്പര്യം ഇല്ലെന്ന് പലതവണ രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ ഒരുകണക്കിനും സമ്മതിച്ചില്ല. കുട്ടിക്ക് ആണ്‍ സുഹൃത്തിനെ പിരിയാനും താല്‍പര്യമുണ്ടായിരുന്നില്ല.
പുതിയ സ്‌കൂളിലെ പുതുതായി കിട്ടിയ കൂട്ടുകാരിയോട് പെൺകുട്ടി തന്റെ വിഷമം പറഞ്ഞു. ഏറെ ആലോചിച്ച ശേഷം രണ്ട് പേരും കൂടി പ്രശ്‌നത്തിനൊരു പരിഹാരവും കണ്ടെത്തി. ആണ്‍സുഹൃത്ത് പഠിക്കുന്ന ക്ലാസില്‍ തല്‍ക്കാലം കയറിപ്പറ്റുക അതായിരുന്നു പരിഹാരം. അങ്ങനെ രണ്ട് പേരും കൂടി ആ സ്‌കൂളില്‍ എത്തി. ആണ്‍സുഹൃത്ത് പഠിക്കുന്ന ക്ലാസും കണ്ടുപിടിച്ചു. ക്ലാസില്‍ കയറുകയും ചെയ്തു. ആദ്യം അവിടെ പഠിച്ചയാള്‍ യൂണിഫോമിലും സഹായിക്കാന്‍ വന്ന കൂട്ടുകാരി കളര്‍ ഡ്രസിലുമാണ് എത്തിയത്.
ക്ലാസിന്റെ ചുമതലയുള്ള ടീച്ചറുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ രണ്ട് പേരും ശ്രദ്ധിച്ചു. കോവിഡ് മുൻകരുതൽ എന്ന നിലയ്ക്ക് ഒരിക്കലും ക്ലാസില്‍ മാസ്‌ക് താഴ്ത്തിയതും ഇല്ല. മറ്റ് അധ്യാപകര്‍ ചോദിച്ചപ്പോള്‍ യൂണിഫോം തയ്ച്ചുകിട്ടിയില്ലെന്ന് ഒരാൾ കള്ളം പറഞ്ഞു. സ്‌കൂള്‍ തുറന്നിട്ട് അധികദിവസം ആയിട്ടില്ലാത്തതിനാല്‍ അധ്യാപകര്‍ അത് വിശ്വസിക്കുകയും ചെയ്തു. ഒടുവില്‍ രണ്ടുദിവസമായിട്ട് സ്‌കൂളിലേക്കെന്ന് പറഞ്ഞുപോകുന്ന കുട്ടികളുടെ പിറകെ രക്ഷിതാക്കളും അധ്യാപകരും അന്വേഷിച്ചു പോയപ്പോളാണ് കുട്ടികളുടെ കള്ളക്കളി പുറത്തായത്.