ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍. എപ്പോള്‍ വേണമെങ്കിലും 80 കടക്കാമെന്ന സൂചന നല്‍കി, ഡോളറിനെതിരെ 79.97 എന്ന നിലയിലാണ് രൂപയുടെ ഇന്നത്തെ വിനിമയം അവസാനിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡാണ് ഇന്ന് തിരുത്തിയത്. 15 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. വെള്ളിയാഴ്ച 79.82 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 79.98ലേക്ക് രൂപ താഴ്ന്നിരുന്നു.
വെള്ളിയാഴ്ച 80ന് തൊട്ടുമുന്‍പുള്ള 79.99 എന്ന നിലയിലേക്ക് താഴ്ന്ന ശേഷം തിരിച്ചുകയറിയ രൂപ 17 പൈസയുടെ നേട്ടത്തോടെയാണ് വിനിമയം അവസാനിപ്പിച്ചത്. എന്നാല്‍ ഈ നേട്ടം ഇന്ന് തുടരാന്‍ സാധിച്ചില്ല. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ നിക്ഷേപം പിന്‍വലിക്കുന്നതാണ് രൂപ വീണ്ടും ദുര്‍ബലമാകാന്‍ കാരണമായത്.