ജമ്മു കശ്മീരിൽ പിടിയിലായ ലഷ്‌കറെ ത്വയ്യിബ ഭീകരൻ ബി.ജെ.പിയുടെ സജീവ പ്രവർത്തകനാണെന്ന് തെളിഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ന് പിടിയിലായ ലഷ്‌കറെ ത്വയ്യിബ ഭീകരൻ ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്നു എന്ന് തെളിഞ്ഞു. ജമ്മുവിലെ പാർട്ടിയുടെ ന്യൂനപക്ഷ മോർച്ച സോഷ്യൽ മീഡിയ ഇൻ ചാർജ്ജ് കൂടിയായിരുന്നു അദ്ദേഹം. താലിബ് ഹുസൈൻ ഷായെയും കൂട്ടാളിയെയും ജമ്മുവിലെ റിയാസി മേഖലയിൽനിന്ന് ഗ്രാമവാസികൾ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് എ.കെ റൈഫിളുകളും നിരവധി ഗ്രനേഡുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഒടുവിൽ ഇവരെ പൊലീസിന് കൈമാറി.

പശ്ചാത്തല പരിശോധനയില്ലാതെ ആളുകളെ പാർട്ടിയിൽ ചേരാൻ അനുവദിക്കുന്ന ഓൺലൈൻ അംഗത്വ സമ്പ്രദായമാണ് ഇത്രത്തിൽ ബി.ജെ.പിയിൽ ആളുകൾ എത്താൻ കാരണമെന്ന് ബി.ജെ.പി തന്നെ കുറ്റപ്പെടുത്തി.

ഈ അറസ്റ്റോടെ പുതിയ പ്രശ്‌നം ഉയർന്നുവന്നിരിക്കുന്നുവെന്ന് പാർട്ടി വക്താവ് ആർ.എസ് പതാനിയ പറഞ്ഞു. “ഇതൊരു പുതിയ മാതൃകയാണെന്ന് ഞാൻ പറയും. ബി.ജെ.പിയിൽ പ്രവേശിക്കുക. അനുരഞ്ജനം നടത്തുക. ഉന്നത നേതൃത്വത്തെ കൊല്ലാനുള്ള ഗൂഢാലോചന പോലും ഇവർ നടത്തിയിരുന്നു” -അദ്ദേഹം പറഞ്ഞു.

“അതിർത്തിക്കപ്പുറത്ത്, ഭീകരത പടർത്താൻ ആഗ്രഹിക്കുന്നവരുണ്ട്. ഇപ്പോൾ ആർക്കും ഓൺലൈനിൽ ബി.ജെ.പിയിൽ അംഗമാകാം. ക്രിമിനൽ റെക്കോർഡോ മുൻകരുതലുകളോ പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാൽ ഇത് ഒരു പോരായ്മയാണെന്ന് ഞാൻ പറയുന്നു” -അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് ഒമ്പതിന് ജമ്മു പ്രവിശ്യയിൽ പാർട്ടിയുടെ ഐ.ടി, സോഷ്യൽ മീഡിയ എന്നിവയുടെ ചുമതലയിൽ ബി.ജെ.പി ഷായെ നിയമിച്ചിരുന്നു. ജമ്മു കശ്മീർ അധ്യക്ഷൻ രവീന്ദ്ര റെയ്‌ന ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾക്കൊപ്പം ഷായുടെ നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറും പൊലീസ് മേധാവിയും പ്രതിയെ പിടികൂടിയതിന് റിയാസി ഗ്രാമവാസികൾക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും അവരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു
Previous Post Next Post