തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്റർ ആക്രമണത്തിൽ ഒന്നിലധികം പേർക്ക് പങ്കെന്ന് അന്വേഷണ സംഘം. അക്രമിക്ക് സ്ഫോട വസ്തു കൈമാറിയത് മറ്റൊരാൾ ആണെന്ന് പോലീസ് വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അക്രമിക്ക് വഴിയിൽ വെച്ച് മറ്റൊരാൾ സ്ഫോടക വസ്തു കൈമാറുകയായിരുന്നു. അക്രമണത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ട്. ചുവന്ന നിറത്തിലുള്ള സ്കൂട്ടറിലാണ് അക്രമി എത്തിയതെന്നും പോലീസ് വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം, കസ്റ്റഡിയിലെടുത്തയാൾക്ക് എകെജി സെൻ്റർ ആക്രമണവുമായി ബന്ധമില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയതായി സൂചനയുണ്ട്. എകെജി സെൻ്ററിന് നേർക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അന്തിയൂർക്കോണം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടക്കുമ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷനിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
മുൻപും സമാനമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇയാൾ ഇട്ടിരുന്നതായി പോലീസ് കണ്ടെത്തി. മദ്യലഹരിയിലാണ് പോസ്റ്റിട്ടതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മിനിറ്റ് 32 സെക്കൻഡാണ് ആക്രമണം നീണ്ടു നിന്നത്.
എകെജി സെൻ്ററിന് നേർക്കുണ്ടായ ആക്രമണത്തിൽ അന്വേഷണം ശക്തമാണെങ്കിലും പ്രതിയെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാൻ അറിയുന്നയാളാണ് പ്രതിയെന്ന് നിഗമനത്തിലാണ് പോലീസ്.
സ്ഫോടക വസ്തു വലിച്ചെറിഞ്ഞ ശേഷം പ്രതി കുന്നുകുഴി ഭാഗത്തേക്ക് സ്കൂട്ടറോടിച്ച് പോകുകയായിരുന്നു. വെള്ള ഷർട്ട് ധരിച്ചെത്തിയ പ്രതി ഹെൽമറ്റ് ധരിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതാണ് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നത്. സ്കൂട്ടറിൻ്റെ നമ്പർ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം അതിവേഗത്തിൽ സ്കൂട്ടർ ഓടിച്ച് പോയ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് നിഗമനം. ചില വ്യക്തികളെ കേന്ദ്രീകരിച്ചും അന്വഷണം നടക്കുന്നുണ്ട്. കുന്നുകുഴിയിലെ ചില വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.