മണിപ്പൂർ: മണിപ്പൂരില്‍ ആദ്യമായി അഗ്നിപഥ് സ്‌കീമിനായുള്ള പ്രീ-റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. തൗബാല്‍ ജില്ലയിലെ ഹെയ്റോക്കിലെയും നോങ്പോക്ക് സെക്മായിയിലെയും യുവാക്കള്‍ക്കായാണ്പ രിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ 500 (200 ആണ്‍കുട്ടികളും 300 പെണ്‍കുട്ടികളും) പേര്‍ ഹെയ്റോക്ക് പാര്‍ട്ട് II ലിറ്റന്‍ ലാംപാക്കില്‍ നിന്ന് ഹെയ്റോക്ക് പാര്‍ട്ട് III നഗ്രൗഥല്‍ ഗ്രൗണ്ട് വരെയുള്ള റാലിയില്‍ പങ്കെടുത്തു.
ഹൈറോക്ക് എം.എല്‍.എ രാധേശ്യാമിന്റെ നേതൃത്വത്തില്‍ അഗ്നിപഥ് സ്‌കീം പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് മാനേജ്മെന്റ് കമ്മിറ്റിയും ഹെയ്റോക്ക് എസിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അഗ്‌നിപഥ് പദ്ധതി യുവാക്കളില്‍ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും അവബോധം വളര്‍ത്തുമെന്ന് രാധേശ്യാം പറഞ്ഞു.
അഗ്നിപഥ് പദ്ധതി പ്രകാരം നാവികസേന, വ്യോമസേനാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തേക്ക് രാജ്യത്തെ സേവിക്കാൻ അവസരം ലഭിക്കും. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം, മറ്റേതെങ്കിലും ജോലിക്ക് അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന ലഭിക്കുകയും 4 വര്‍ഷത്തെ സേവനത്തിന് ശേഷം ലഭിക്കുന്ന തുക ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കളുടെ സ്വഭാവ രൂപീകരണവും ഹെയ്‌റോക്ക് എസിയില്‍ നിന്ന് പരമാവധി യുവാക്കളെ രാജ്യസേവനത്തിനായി സംഭാവന ചെയ്യുകയുമാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശീലന ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ മുഴുവന്‍ പ്രതിമാസ ശമ്പളവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പരിശീലന കാലയളവില്‍ താന്‍ ഇംഗ്ലീഷ്, ഹിന്ദി ക്ലാസ്സുകള്‍ നടത്തുമെന്നും രാധേശ്യാം വാഗ്ദാനം ചെയ്തു. കേന്ദ്രസേനയില്‍ ചേരാന്‍ ഈ രണ്ട് ഭാഷകളും നിര്‍ബന്ധമാണ്. സെപ്റ്റംബറിലാണ് മണിപ്പൂരിലെ അഗ്നിവീരന്മാരുടെ റിക്രൂട്ട്‌മെന്റ് തീയതികള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചിരുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 5 ആണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ അഗ്നിവീര്‍ വായു എന്നാണ് വിളിക്കുക. നാല് വര്‍ഷത്തേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. ഇന്ത്യയിലെ അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അഗ്നിവീര്‍ വായുവിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.
തിരഞ്ഞെടുക്കപ്പെട്ട അഗ്നിവീറുകള്‍ക്ക് ഓരോ വര്‍ഷവും ഒരു ഇഷ്ടാനുസൃത പ്രതിമാസ പാക്കേജ് നല്‍കും. പാക്കേജിലെ 70 ശതമാനം ശമ്പളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈയ്യില്‍ ലഭിക്കും. ബാക്കി 30 ശതമാനം അഗ്നിവീര്‍സ് കോര്‍പ്പസ് ഫണ്ടിലേക്ക് പോകും. ആദ്യ വര്‍ഷം 30,000 രൂപയുടെ കസ്റ്റമൈസ്ഡ് പാക്കേജും നേരിട്ട് ലഭിക്കുന്ന ശമ്പളം 21,000 രൂപയും ആയിരിക്കും. രണ്ടാം വര്‍ഷം പാക്കേജ് 33,000 രൂപയും നേരിട്ട് ലഭിക്കുന്ന ശമ്പളം 23,100 രൂപയും ആയിരിക്കും. മൂന്ന്, നാല് വര്‍ഷങ്ങളില്‍ പാക്കേജുകള്‍ യഥാക്രമം 36,500 രൂപയും 40,000 രൂപയും, നേരിട്ട് ലഭിക്കുന്ന ശമ്പളം യഥാക്രമം 25,550 രൂപയും 28,000 രൂപയും ആയിരിക്കും.