ഹൃദയപൂർവ്വം ഒരു സ്വർണ വള; യുവാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ധനസഹായം നൽകി മന്ത്രി ആർ ബിന്ദു


തൃശൂർ  : ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വർണ വളയൂരി നൽകി മന്ത്രി ഡോ.ആർ ബിന്ദു.തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂർക്കനാട് ഒരു ഇരുപത്തിയേഴുകാരന്റെ വൃക്കമാറ്റിവയ്ക്കൽ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി ആർ ബിന്ദു. മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വിവേക് എന്ന ചെറുപ്പക്കാരന് വേണ്ടിയുള്ള ചികിത്സാ സഹായസമിതിയുടെ രൂപീകരണ യോഗമായിരുന്നു നടന്നിരുന്നത്. മന്ത്രിയുടെ മണ്ഡലത്തിലായിരുന്നു പരിപാടിയെന്നതിനാലാണ് അവധി ദിനത്തിൽ എത്തിയത്. പ്രസംഗത്തിന് ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച് തന്റെ കയ്യിലെ വളയൂരി ചികിത്സാ ധനസഹായസമിതി ഭാരവാഹികളെ ഏൽപ്പിച്ചത്. സാധാരണ ഇത്തരം യോഗങ്ങൾക്ക് പ്രാദേശിക ജനപ്രതിനിധികൾ ആണ് പങ്കെടുക്കാറുള്ളത്. മന്ത്രി യോഗത്തിനെത്തിയത് പോലും അപ്രതീക്ഷിതമായാണ്. സഹായ സമിതിയുടെ ഭാരവാഹികളായ പി.കെ മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവരാണ് മന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയത്. യോഗത്തിൽ പങ്കെടുത്ത വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടിയുള്ള എല്ലാ മംഗളങ്ങളും നേർന്നുകൊണ്ടാണ് ബിന്ദു ടീച്ചർ നിയമസഭാ സമ്മേളന തിരക്കുകളിലേക്ക് മടങ്ങിയത്.

Previous Post Next Post