കുഴിമാടങ്ങൾ കുഴിച്ച് മൃതദേഹങ്ങളുടെ വായിലേക്ക് വെള്ളം; മഴ പെയ്യാൻ വിചിത്ര ആചാരം


ഇന്ത്യ: മഴ  ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നതും പ്രത്യേക പൂജകള്‍  നടത്തുന്നതുമെല്ലാം ലോകത്ത് പല ഭാഗങ്ങളിലും വളരെക്കാലമായി ചെയ്തു വരുന്ന കാര്യങ്ങളാണ്. ഇന്ത്യയിലും സമൃദ്ധമായി മഴ കിട്ടാന്‍ ദൈവങ്ങള്‍ക്ക് പ്രത്യേക വഴിപാടുകൾ നടത്താറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു രീതി പിന്തുടര്‍ന്നിരിക്കുകയാണ് കര്‍ണ്ണാടകയിലെ വിജയപുര ജില്ലയിലെ കലകേരി ഗ്രാമവാസികള്‍. ഗ്രാമത്തിന്റെ മഴ ശാപം മാറുന്നതിനായി കുഴിമാടങ്ങള്‍ കുഴിച്ച് മൃതശരീരങ്ങളുടെ വായിലേയ്ക്ക് വെള്ളം പമ്പു ചെയ്യുകയാണ് ഇവര്‍. കര്‍ണ്ണാടകയിലെ മിക്ക ഇടങ്ങളിലും നല്ല മഴയാണ് ലഭിക്കുന്നത്. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. എന്നാല്‍, കലകേരി ഗ്രാമത്തില്‍ മാത്രം മഴ പെയ്യുന്നില്ല. കര്‍ഷകരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഗ്രാമത്തിലെ മുഴുവന്‍ ആളുകളും ഒത്തുകൂടി പ്രശ്‌നം ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചയ്ക്കിടയിലാണ് ഗ്രാമത്തില്‍ അടക്കം ചെയ്തിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് വെള്ളം നല്‍കണമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടത്.


തുടര്‍ന്ന് ഗ്രാമീണര്‍ കഴിഞ്ഞ മാസം മരണപ്പെട്ട ആളുകളുടെ ഒരു ലിസ്റ്റുണ്ടാക്കി. മരിച്ചവരുടെ കുടുംബത്തിന്റെ സഹായത്തോടെ കുഴിമാടങ്ങള്‍ കണ്ടെത്തുകയും മൃതദേഹങ്ങളെ ഏത് ദിശയിലാണ് അടക്കം ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് മൃതദേഹങ്ങളുടെ തല കിടത്തിയ ഭാഗത്ത് രണ്ടടിയോളം താഴ്ചയില്‍ കുഴിയെടുത്ത് പൈപ്പ് കയറ്റി. പിന്നാലെ ടാങ്കറില്‍ നിന്നുള്ള വെള്ളം കല്ലറയിലേക്ക് തുറന്നുവിട്ടു.

25ഓളം കല്ലറകളില്‍ ഇതേ രീതി തുടര്‍ന്നു. പിന്നീട് മഴയ്ക്കായി ആകാംഷയോടെയാണ് ഗ്രാമീണര്‍ കാത്തിരുന്നത്. അവസാന മൃതദേഹം നനച്ചതിന് പിന്നാലെ യാദൃശ്ചികമായി ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങി. എന്തായാലും തങ്ങളുടെ ആചാരത്തോട് ഗ്രാമീണര്‍ക്ക് ഇപ്പോള്‍ വിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്.

1500 പേര്‍ അടങ്ങിയ ഒരു ചെറിയ ഗ്രാമമാണ് കലകേരി. തുവര കൃഷിയാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. മിക്കവാറും ഇവിടെ മഴ കുറവാണ് ലഭിക്കാറുള്ളത്. തങ്ങളുടെ ആചാരത്തിന് പിന്നിലുള്ള ചില വിശ്വാസകഥകളെക്കുറിച്ചും ഈ ഗ്രാമവാസികള്‍ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വൃദ്ധന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വായ തുറന്നിരിക്കുകയായിരുന്നു. വായ അടയ്ക്കാതെ തന്നെ അദ്ദേഹത്തെ അടക്കം ചെയ്യുകയും ചെയ്തു. അതേ വര്‍ഷം തന്നെ കടുത്ത വരള്‍ച്ചയും പട്ടിണിയും ഗ്രാമത്തെ ബാധിച്ചു, ആളുകള്‍ ദുരിതത്തിലായി. തുടര്‍ന്ന് ഗ്രാമീണര്‍ പ്രശ്‌ന പരിഹാരത്തിനായി ഒരു ജ്യോതിഷനെ സമീപിച്ചു. 'ദാഹത്തോടെ മരിച്ചയാളുടെ ശവ'മാണ് മഴ ലഭിക്കാത്തതിന് കാരണമെന്ന് അദ്ദേഹം വിധിയെഴുതി. ജ്യോതിഷന്റെ നിര്‍ദ്ദേശപ്രകാരം ഗ്രാമീണര്‍ വൃദ്ധന്റെ കുഴിമാടം കുഴിച്ച് അതിലേയ്ക്ക് വെള്ളം പമ്പ് ചെയ്തു. അതിശയമെന്ന് പറയട്ടെ, അതിന് ശേഷം മഴ പെയ്യാന്‍ തുടങ്ങി.

അതിന് ശേഷം ഗ്രാമത്തില്‍ എപ്പോള്‍ വരള്‍ച്ച നേരിട്ടാലും ആളുകള്‍ മരിച്ചവരുടെ കല്ലറ കുഴിച്ച് വെള്ളം പമ്പ് ചെയ്യും. മരിച്ച ആത്മാവിന് ശാന്തി ലഭിച്ച് അവര്‍ അനുഗ്രഹിക്കുന്നതിന് വേണ്ടിയാണ് ഇത്.
Previous Post Next Post