റെനില്‍ വിക്രമസിംഗെയോ ഡള്ളസോ? ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്








കൊളംബോയിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ കാവൽ നിൽക്കുന്ന ശ്രീലങ്കൻ സൈന്യം


കൊളംബോ: ശ്രീലങ്ക ഇന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ശ്രീലങ്കയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീലങ്ക പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുമ്പോൾ തിക്രോണ പോരാട്ടമാണ് നടക്കുന്നത്. 

റെനിൽ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, എസ്എൽപിപിയിൽ നിന്ന് വേർപിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സര രംഗത്തുള്ളത്. റെനിൽ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എൽപിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

സ്ഥാനാർഥിയെ പിൻവലിച്ച് പ്രതിപക്ഷം

പ്രധാന പ്രതിപക്ഷമായ എസ്ജെബി തങ്ങളുടെ സ്ഥാനാർഥിയെ സജിത് പ്രമേദാസയെ അവസാന നിമിഷം പിൻവലിച്ചിരുന്നു. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നൽകുന്നതിനായാണ് ഇത്. പ്രതിപക്ഷ വോട്ടുകൾകൊപ്പം ഭരണകക്ഷി വോട്ടുകൾ ചോരുകയും ചെയ്താൽ അളഹപ്പെരുമയുടെ വിജയ സാധ്യത കൂടും.

225 അംഗ സഭയിൽ വിജയിക്കാൻ വേണ്ടത് 113 പേരുടെ പിന്തുണയാണ്. റെനിൽ വിക്രമസിംഗെയ്ക്ക് 13 വോട്ടും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവുണ്ട്. എസ്എൽപിപി യിലെ 45 അംഗങ്ങൾ തനിക്ക് ഒപ്പം നിൽക്കുമെന്നാണ് ഡള്ളസ് അളഹപ്പെരുമയുടെ അവകാശവാദം.   

റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു. എന്നാൽ 6 വട്ടം പ്രധാനമന്ത്രിയായ റെനിൽ വിക്രമസിം​ഗെ തന്നെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുൻപിൽ നിൽക്കെ കണക്കുകളിലെ പ്രബലൻ. സംഘർഷസാധ്യത കണക്കിലെടുത്ത് പാർലമെൻറിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. 


Previous Post Next Post