കരിയില പോലും കത്താത്ത നാനോ ഭീകരാക്രമണം'; എന്തുകൊണ്ട് വയർലസ് മെസേജ് നൽകി അക്രമിയെ തടഞ്ഞില്ല? പിസി വിഷ്ണുനാഥ്


തിരുവനന്തപുരം: എകെജി സെന്ററിൽ  പൊലീസ് കാവലുണ്ടായിട്ടും എന്തുകൊണ്ട് ആക്രമണം നടന്നു എന്ന് പി സി വിഷ്ണുനാഥ്. അക്രമിയെ പൊലീസ് പിന്തുടരാത്തതിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി മറുപടി പറയണം. എന്തുകൊണ്ട് വയർലസ് മെസേജ് നൽകി അക്രമിയെ തടഞ്ഞില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി സി വിഷ്ണുനാഥ് ചോദിച്ചു. എകെജി സെന്റർ ആക്രമിച്ചത് കോൺഗ്രസ് ആണെന്ന വിവരം അഞ്ചു മിനിട്ട് കൊണ്ട് ഇ.പി.ജയരാജന് എവിടുന്നു കിട്ടിയെന്നും വിഷ്ണുനാഥ് ചോദിച്ചു. ആരുടെ നിർദേശത്തെ തുടർന്നാണ് അക്രമം നടക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് പൊലീസിനെ പിൻവലിച്ചത്. കരിയില പോലും കത്താത്ത നാനോ ഭീകരാക്രമണമാണ് നടന്നതെന്നും പി സി വിഷ്ണുനാഥ് പരിഹസിച്ചു. 

എകെജി സെന്റർ ആക്രമണം സിപിഎം ആഘോഷമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്താകെ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് സംഭവ ശേഷം എൽഡിഎഫ് നേതാക്കൾ പറഞ്ഞത്. സംഭവം നടന്നതിന് അരമണിക്കൂർ മുമ്പ് ഇ പി ജയരാജൻ പുറപ്പെട്ടു എന്ന് സംശയമെന്നും വി ഡി സതീശൻ പരിഹസിച്ചു.

പൊലീസ് നോക്കിനിൽക്കെയാണ് ആക്രമണം നടന്നത്. എന്നിട്ടും പ്രതി എങ്ങനെയാണ് രക്ഷപ്പെട്ടത്? എകെജി സെന്ററിന് ചുറ്റും ക്യാമറയുണ്ടായിട്ടും ഒന്നിലും പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. തലേദിവസം വരെ എകെജി സെന്റർ ഗേറ്റിൽ ഉണ്ടായിരുന്ന പൊലീസ് ജീപ്പ് ആക്രമണം നടന്ന ദിവസം ആരാണ് മാറ്റിയതെന്നും വിഡി സതീശൻ ചോദിച്ചു.

Previous Post Next Post