ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു


പാലക്കാട് : ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ രണ്ടര യോടെയാണ് സംഭവം. അമ്മ ബിബിതയുടെ വീട്ടിൽവെച്ചാണ് പാമ്പുകടിയേറ്റത്.
വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു. ബിബിതയുടെ കഴുത്തിൽക്കൂടി ഇഴഞ്ഞതോടെയാണ് പാമ്പെത്തിയത് അറിഞ്ഞത്. വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തൊണ്ടവേദനയുള്ളതായി പറയുകയും ചെയ്തു. ദേഹത്ത് നീർക്കെട്ട് വരികയും ചെയ്തതോടെ പാമ്പിന്റെ കടിയേറ്റതായി സംശയം തോന്നുകയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
Previous Post Next Post